കേരളത്തിന്റെ 
പ്രതിസന്ധി കേന്ദ്രസൃഷ്‌ടി : പ്രൊഫ. ലേഖ ചക്രബർത്തി



കേന്ദ്രസർക്കാർ സൃഷ്‌ടിച്ചതല്ലാത്ത മറ്റൊരു സാമ്പത്തിക പ്രതിസന്ധിയും കേരളം അഭിമുഖീകരിക്കുന്നില്ലെന്ന്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാൻസ്‌ ആൻഡ്‌ പോളിസിയിലെ പ്രൊഫ. ലേഖാ ചക്രബർത്തി. അഞ്ച്‌ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയ അവർ ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു. ശേഖരിക്കുന്ന നികുതിയും കേന്ദ്ര വിഹിതവുമാണ്‌ സംസ്ഥാനത്തിന്റെ പ്രധാനവരുമാനം. നികുതിവരുമാനത്തിൽ വർധനയുണ്ടാകുമ്പോഴും കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നു. അത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ധനകമ്മി 3.5 ശതമാനമായി വിഭാവനംചെയ്‌ത സംസ്ഥാനമാണിത്‌. ബജറ്റിനു പുറമേനിന്ന്‌ കിഫ്‌ബി പോലുള്ള സംവിധാനമുപയോഗിച്ച്‌ കടമെടുത്താൽ അതും കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തുന്നത്‌ എങ്ങനെ ന്യായീകരിക്കാനാകും. ഇത്‌ സംസ്ഥാനത്തിന്‌ വൻ വരുമാന നഷ്ടമാണുണ്ടാക്കിയത്‌. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും കലാപവും ചൂണ്ടിക്കാട്ടി, കേരളവും അതുപോലെയാകുമെന്ന്‌ ചിലർ ഭീതി പരത്തുന്നുണ്ട്‌. ഒരിക്കലും ഇവിടെ ആ സ്ഥിതിയുണ്ടാകില്ല. കേരളത്തിന്റെ ആഭ്യന്തര വളർച്ച, വായ്‌പാചെലവിനേക്കാൾ വളരെ കൂടുതലാണ്‌. അതിനാൽ അത്തരം പ്രതിസന്ധിയുണ്ടാകില്ല.  പത്താം ധനകമീഷൻവരെ വിവിധ നികുതികളിൽനിന്നുള്ള കേന്ദ്രവിഹിതം പ്രത്യേകം പ്രത്യേകമായാണ്‌ പങ്കുവച്ചത്‌. പിന്നീട്‌ അത്‌ മാറി. രാജ്യത്ത്‌ ഏറ്റവും കൂടുതൽ വളർച്ചയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. വളർച്ച കുറഞ്ഞ സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ ഓഹരി എന്ന കേന്ദ്രസർക്കാരിന്റെ നയം മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ എതിരാണ്‌. ചെലവ്‌ അനുസരിച്ച്‌ വിഹിതം അനുവദിക്കുകയാണ്‌ നീതിപൂർവമായ രീതി. കേരളത്തിന്റെ ഈ കോൺക്ലേവ്‌ പ്രസക്തമാകുന്നതും അതിനാലാണ്‌–-  പ്രൊഫ. ലേഖ ചക്രബർത്തി പറഞ്ഞു. Read on deshabhimani.com

Related News