മറഞ്ഞത്‌, 
പ്രിയപ്പെട്ട ടീച്ചറുമ്മ ; അന്ത്യാഞ്‌ജലി അർപ്പിക്കാൻ 
നാടാകെ



നെടുമങ്ങാട് അവസാനിച്ചത് അനേകം അർഥതലങ്ങളുള്ള ഒറ്റവരിക്കവിതപോലെ സമൃദ്ധമായ ഒരു ജീവിതം. നെടുമങ്ങാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചറുമ്മ. പ്രൊഫ. നബീസാ ഉമ്മാൾ മടങ്ങുന്നത് അത്രയേറെ അർഥപൂർണമായ സന്ദേശങ്ങൾ സമൂഹത്തിനു സമർപ്പിച്ചാണ്‌. 1931 ജൂൺ മൂന്നിന് ആരംഭിച്ച ആ ജീവിതയാത്ര  കാലപ്രവാഹത്തിലൂടെ വെറുതേ കടന്നുപോവുകയായിരുന്നില്ല. പരിശ്രമിച്ചു പടുത്തുയർത്തിയ പടവുകളിൽ ശ്രദ്ധയോടെ ഊന്നിയ ചുവടുവയ്‌പുകളിലൂടെ  ക്രിയാത്മകമായി തന്നെയായിരുന്നു. കുട്ടിക്കാലം മുതൽ സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തനത്തിലും തൽപ്പരയായിരുന്നു. സ്കൂൾതലം മുതൽ ആ കഴിവുകൾ പ്രകടമാക്കുകയും കലാലയ ജീവിതാരംഭത്തോടെ വ്യക്തിമുദ്രയായി  മാറുകയുംചെയ്‌തു. പഠനകാലത്തുതന്നെ ഇടതുപക്ഷ രാഷ്ട്രീയ ചേരിയോടു കൂറുപുലർത്തിപ്പോന്നു. എന്നും സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നു. ‘വൈരുധ്യാത്മക ഭൗതികവാദം’ വിഷയത്തിൽ കോളേജ്‌ മാഗസിനിലെഴുതിയ ലേഖനത്തിനെതിരെ ഒരുകൂട്ടം യാഥാസ്ഥിതികർ വാളെടുത്തപ്പോൾ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളാണ് ടീച്ചറെ ഇടതു രാഷ്ട്രീയചേരിയിലേക്ക്‌ കൂടുതൽ അടുപ്പിച്ചത്. ആ അടുപ്പം മരണംവരെ  കാത്തു. 1987ൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച് വിജയിച്ച് എട്ടാം നിയമസഭയുടെ  ഭാഗമായി. നെടുമങ്ങാട് നഗരസഭാ ചരിത്രത്തിലെ ആദ്യ നഗരപാലിക എന്ന പദവിയും നബീസാ ഉമ്മാളിനു സ്വന്തം. ഒരുകാലത്ത് നെടുമങ്ങാട് താലൂക്കിൽ പ്രൊഫ. നബീസാ ഉമ്മാളില്ലാതെ ഒരു സാംസ്കാരിക സദസ്സോ കൂട്ടായ്മകളോ നടന്നിരുന്നില്ല. അതിനുള്ള ആലോചനയിൽ നെടുമങ്ങാട്ടുകാരുടെ മനസ്സിൽ ആദ്യം ഓടിയെത്തിയിരുന്നത് ഉമ്മാളായിരുന്നു. വാർധക്യ സഹജമായ അവശതകളെ തുടർന്ന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് പൊതുരംഗത്തെ സജീവതയിൽനിന്ന്‌ ഒഴിഞ്ഞത്‌. ടീച്ചറുടെ പ്രഭാഷണങ്ങൾ ശ്രവിക്കാത്ത നെടുമങ്ങാട്ടുകാരില്ല. 1948 ൽ നെടുമങ്ങാട് വിളയിൽ വീട്ടിൽ ഹുസൈൻ കുഞ്ഞിനെ വിവാഹം ചെയ്ത് നെടുമങ്ങാട് നഗരപ്രാന്തത്തിൽ താമസത്തിനെത്തിയ ഉമ്മാൾ തെക്കൻ മലയോരവാസികളുടെ പ്രിയപ്പെട്ട ടീച്ചറുമ്മയായി വേഗത്തിൽ മാറി. നിലവിലെ നിയമസഭയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർ ശിഷ്യരാണ്. ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്‌. 2000 ൽ കേന്ദ്രസർക്കാർ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്വതന്ത്രയായി കഴക്കൂട്ടം മണ്ഡലത്തിൽനിന്ന്‌ 13,108 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1991ൽ എം വി രാഘവനോട് 689 വോട്ടിന്‌ പരാജയപ്പെട്ടു. 1995 മുതൽ 2000 വരെ നെടുമങ്ങാട് നഗരസഭാ അധ്യക്ഷയായി. 1931 ജൂൺ മൂന്നിന് ആറ്റിങ്ങൽ കല്ലംവിള വീട്ടിൽ ഉറുദു പണ്ഡിതൻ ഖാദർ മൈതീന്റെയും തമിഴ് വിജ്ഞാനത്തിൽ അറിനാർ പദവിക്കുടമയായ അസനുമ്മാളുടെയും മകളായി ജനനം. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും സ്വർണമെഡലോടെ സ്വന്തമാക്കി. കലാലയകാലം മുതൽ പൊതുരംഗത്തെ കരുത്തുറ്റ വനിതാ സാന്നിധ്യങ്ങളിൽ ഒരാളായി അറിയപ്പെട്ടു. എ ആർ രാജരാജവർമയ്‌ക്കുശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണ്‌. അന്ത്യാഞ്‌ജലി അർപ്പിക്കാൻ 
നാടാകെ പ്രിയ അധ്യാപികയും നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിനൊപ്പം അടിയുറച്ചുനിന്ന പൊതുപ്രവർത്തകയുമായ നബീസ ഉമ്മാളിന്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും  കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടാകെയും നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ ബംഗ്ലാവിൽ വീട്ടിലേക്കെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റുമായ പി കെ ശ്രീമതി,  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, ടി എൻ സീമ, എ എ റഹിം എംപി, എംഎൽഎമാരായ ഡി കെ മുരളി, ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ,ഡിസിസി പ്രസിഡന്റ്‌ പാലോട് രവി, കെ പി പ്രമോഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, മഹിളാ അസോസിയേഷൻ നേതാക്കളായ പി സതീദേവി, മേഴ്സിക്കുട്ടി അമ്മ, എം ജി മീനാംബിക, പി കെ സൈനബ, കെ കെ ലതിക, വി അമ്പിളി, ലേഖ സുരേഷ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ് കുമാർ, നഗരസഭാധ്യക്ഷ സി എസ് ശ്രീജ, എം എ വാഹിദ് തുടങ്ങി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ്‌ അന്ത്യോപചാരം അർപ്പിച്ചത്‌. Read on deshabhimani.com

Related News