പിഎസ്‌എൽവി സി 60 ; യന്ത്രക്കൈയും 
എഐ ലാബും പരീക്ഷിക്കും



തിരുവനന്തപുരം ബഹിരാകാശത്ത്‌ യന്ത്രക്കൈയുടേയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റേയും പരീക്ഷണത്തിന്‌ ഐഎസ്‌ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ലാബും പരീക്ഷിക്കും. 30ന്‌ വൈകിട്ട്‌ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്‌എൽവി സി 60 റോക്കറ്റ്‌ വിക്ഷേപണത്തിന്റെ ഭാഗമാണിവ. രണ്ട്‌ ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങിനൊപ്പമാണ്‌ പരീക്ഷണങ്ങളും. ടാർജറ്റ്‌, ചേയ്‌സർ ഉപഗ്രഹങ്ങളെ 470 കിലോമീറ്റർ ഉയരത്തിലെത്തിച്ചശേഷം കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന  സ്‌പാഡക്‌സ്‌ പരീക്ഷണമാണ്‌ ആദ്യം. പേടകങ്ങളുമായി പോകുന്ന റോക്കറ്റിന്റെ നാലാംഘട്ടത്തിനെ പരീക്ഷണ തട്ടകമായി പിന്നീട്‌ ഉപയോഗപ്പെടുത്തും. ഇതിനായി 24 പരീക്ഷണ ഉപകരണങ്ങളാണ്‌ പിഎസ്‌ 4 എന്ന റോക്കറ്റ്‌ ഭാഗത്തിലുള്ളത്‌. ഇതിൽ 14 എണ്ണം ഐഎസ്‌ആർഒ കേന്ദ്രങ്ങളും ബാക്കിയുള്ളവ വിവിധ സർവകലാശാലകളും സ്‌റ്റാർട്ടപ്പുകളുമാണ്‌ വികസിപ്പിച്ചത്‌. ബഹിരാകാശ മാലിന്യങ്ങളെ തിരിച്ചറിയാനും വിവരം ശേഖരിക്കാനും പിടിച്ചെടുക്കാനുമുള്ള സംവിധാനങ്ങളുള്ള ഡബ്രിസ്‌ ക്യാപ്‌ച്വർ റോബോട്ടിക്ക്‌ മാനുപ്പിലേറ്റർ ആണ്‌ ഇവയിൽ പ്രധാനം. തിരുവനന്തപുരം വിഎസ്‌എസ്‌സി വികസിപ്പിച്ചതാണിത്‌. ഭാവിയിൽ ഉപഗ്രഹങ്ങളിൽ  ഇതുപയോഗിച്ച്‌ ഇന്ധനം നിറയ്‌ക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വട്ടിയൂർകാവിലെ ഐഐഎസ്‌യു വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശ നിലയത്തിലും മറ്റും ഉപയോഗിക്കാൻ രൂപകൽപനചെയ്‌തതാണ്‌. ഹൈദരാബാദിലെ ടേക്ക്‌ മിടു സ്‌പേയ്‌സ്‌ എന്ന സ്‌റ്റാർട്ടപ്‌ വികസിപ്പിച്ച എഐ ലാബ്‌ ബഹിരാകാശത്ത്‌ ശേഖരിക്കുന്ന  ഡാറ്റകൾ കൂടുതൽ കൃത്യതയോടെ  വിശകലനം ചെയ്‌ത്‌ ഭൂമിയിലേക്ക്‌ അയക്കാനായി തയ്യാറാക്കിയതാണ്‌. ഇവ കൂടാതെ ത്രസ്‌റ്ററുകൾ, റഡാറുകൾ, ട്രാൻസിസ്‌റ്ററുകൾ, നാനോ ഉപഗ്രഹങ്ങൾ തുടങ്ങിയവയെല്ലാം പരീക്ഷണ തട്ടകത്തിലുണ്ട്‌. രണ്ട്‌ മാസമാണ്‌ ‘പോയം’ എന്ന വിളിപ്പേരുള്ള ഈ തട്ടകത്തിന്റെ കാലാവധി. 2040ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക ലക്ഷ്യം: 
ഡോ. എസ്‌ സോമനാഥ്‌ 2040ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിടുന്നതായി ഐഎസ്‌ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌.  അടുത്ത 25 വർഷത്തേക്ക് നടത്താനിരിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കിയതായും ഇതനുസരിച്ച്‌  2035 ഓടെ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യ നൂറാം സ്വാതന്ത്രദിനം ആഘോഷിക്കുന്നവേളയിൽ ഇന്ത്യൻപതാക ഇന്ത്യക്കാരൻ ചന്ദ്രനിൽ ഉയർത്തുമെന്നും സോമനാഥ്‌ പറഞ്ഞു. Read on deshabhimani.com

Related News