നവതിമധുരം നുകർന്ന്‌ പുതുശേരി എഴുതും 96–ാം പുസ്‌തകം



കൊച്ചി ‘അടുത്തത്‌ നോവലാണ്‌. അതിനുള്ള തയ്യാറെടുപ്പിലാണ്‌. എഴുത്താണ്‌ എന്റെ ജീവൻ.’ 96–-ാമത്തെ രചനയുടെ പണിപ്പുരയിലേക്ക്‌ കടക്കുകയാണ്‌ നവതിയിലേക്ക്‌ പ്രവേശിക്കുന്ന പ്രിയപ്പെട്ടവരുടെ സ്വന്തം എ കെ പുതുശേരി. ജനുവരി 19ന്‌ അഗസ്‌തി കുഞ്ഞഗസ്‌തി എന്ന എ കെ പുതുശേരിക്ക്‌ 90–-ാംപിറന്നാൾ. നവതി ആഘോഷം തിങ്കളാഴ്‌ച തുടങ്ങും. ചാവറ കൾച്ചറൽ സെന്റർ നേതൃത്വത്തിൽ എഴുത്തുകാരനെ ആദരിക്കും. പ്രായം മാറിനിൽക്കുകയാണ്‌ ഈ പ്രതിഭയുടെ മുന്നിൽ. 95–-ാമത്തെ പുസ്‌തകം ‘വിരുതൻ വർക്കി’  ആദരിക്കൽ ചടങ്ങിൽ പ്രകാശിപ്പിക്കും. വർക്കിയെന്ന ചെറുപ്പക്കാരന്റെ സമൂഹനന്മയ്‌ക്കായുള്ള പോരാട്ടമാണ്‌ ഇതിവൃത്തം. നോവൽ, ബാലസാഹിത്യം, നാടകങ്ങൾ, ചരിത്രം, ഗാനരചന, കഥാപ്രസംഗം, ബാലെ, ബൈബിൾ നാടകം, ടെലിഫിലിം, സിനിമ... ഇതിലെല്ലാം ആസ്വാദകർക്കായി നിരവധി സൃഷ്ടികൾ സമ്മാനിച്ചു പുതുശേരി. ‘കഥയോടാണ്‌ അൽപ്പം ഇഷ്ടക്കൂടുതൽ. രാവിലെ അഞ്ചിന്‌ എഴുന്നേൽക്കും. രാത്രിയാണ്‌ എഴുത്ത്‌. ഇപ്പോൾ വലതുകൈയിലെ വേദന കുറഞ്ഞിട്ട്‌ വേണം എഴുത്ത്‌ തുടങ്ങാൻ. പറഞ്ഞുകൊടുത്ത്‌ എഴുതിച്ചാൽ ഒഴുക്ക്‌ കിട്ടില്ല. ആദ്യവായനക്കാരി ഭാര്യ ഫിലോമിനയാണ്‌. എഴുത്തിന്റെ ഇടവേളകളിൽ ടിവി കാണും. സ്‌നേഹാന്വേഷണങ്ങളുമായി എത്തുന്ന  സന്ദർശകരോട്‌ വർത്തമാനം പറഞ്ഞിരിക്കും’–- പുതുശേരി പറഞ്ഞു. ജീവിതത്തിനും എഴുത്തിനും കരുത്തായി ഭാര്യ ഫിലോമിന സദാ ഒപ്പമുണ്ട്‌. ‘അഭിപ്രായങ്ങളൊക്കെ പറയും. ചിലതെല്ലാം സ്വീകരിക്കും’–- ഫിലോമിന പറഞ്ഞു. ‘വിവാഹശേഷമാണ്‌ എഴുത്തിന്റെ നല്ലകാലമെന്ന്‌ പുതുശേരിയുടെ കമന്റ്‌. ഏഴിൽ പഠിക്കുമ്പോഴാണ്‌ എഴുതിത്തുടങ്ങിയത്‌. പത്താംക്ലാസ്‌ വിദ്യാർഥിയായിരിക്കെ ആദ്യനാടകം ‘ഭാരമുള്ള കുരിശ്‌’ അഗസ്‌തിയുംകൂടിയാണ്‌ അവതരിപ്പിച്ചത്‌. ആദ്യം പുസ്‌തകമായതും ഈ നാടകം. ആദ്യം അച്ചടിച്ച കഥ വിശപ്പ്‌. കൊച്ചിയിലെ കാർമൽ തിയറ്റേഴ്‌സിനുവേണ്ടി 12 ബൈബിൾ നാടകങ്ങളെഴുതി. ബാലെയിലെ മുടിചൂടാമന്നൻ അശോക്‌രാജ്‌ സംഘത്തിനുവേണ്ടി, ആറുമണിക്കൂർ അവതരണദൈർഘ്യമുള്ള മായാമാധവം ഉൾപ്പെടെ ഒട്ടേറെ രചനകൾ നടത്തി. നോവലുകളിൽ 12 എണ്ണം കൊച്ചിയിൽനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ചിത്രകൗമുദിക്കുവേണ്ടിയായിരുന്നു. ഫിലിംനാദം, സത്യദീപം, സത്യനാദം എന്നിവയ്‌ക്ക്‌ ഒരേസമയം ‘തുടരൻ നോവലെ’ഴുതിയ കാലവുമുണ്ടായിരുന്നു. 62 വർഷത്തെ സേവനത്തിനുശേഷം അച്ചടി സ്ഥാപനമായ എസ്‌ ടി റെഡ്യാറിൽനിന്ന്‌ വിരമിച്ചു. നാലു മക്കൾ. ഡോ. ജോളി പുതുശേരി, റോയ്‌ പുതുശേരി, ബൈജു പുതുശേരി, നവീൻ പുതുശേരി. Read on deshabhimani.com

Related News