പുഞ്ചക്കരിപ്പാടത്ത്‌ കഴുത്തുപിരിയൻ എത്തി



തിരുവനന്തപുരം > വെള്ളായണിക്കായലോരത്തെ പുഞ്ചക്കരിപ്പാടത്ത് ദേശാടനക്കാരായ കഴുത്തുപിരിയൻകിളി (യൂറേഷ്യൻ റൈനെക്ക്) എത്തി. പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ അഖിൽ രാധാകൃഷ്ണൻ ചിത്രം പകർത്തി. മരംകൊത്തികളുടെ കുടുംബത്തിൽപ്പെടുന്ന കഴുത്തുപിരിയൻകിളിയെ- പുഞ്ചക്കരി പാടത്ത്‌ ആദ്യമായാണ് കാണുന്നതെന്ന് അഖിൽ പറയുന്നു. പൊന്മുടിയിൽ മുമ്പ്‌ പക്ഷിയെ കണ്ടിട്ടുണ്ട്. കഴുത്ത് 180 ഡിഗ്രി തിരിക്കാൻ പറ്റുന്നതു കൊണ്ടാണ് കഴുത്തുപിരിയൻ കിളി എന്ന പേര് ലഭിച്ചത്. സാധാരണയായി യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മിതശീതോഷ്ണണ പ്രദേശങ്ങളിലാണ് കാണപ്പെടാറ്‌. 17 സെന്റിമീറ്റർ നീളമുള്ള പക്ഷിയുടെ കൊക്കുകൾക്ക് നീളം കുറവാണ്. ദേഹത്ത് മങ്ങിയ തവിട്ടുനിറത്തിലുള്ള വരകളും പൊട്ടുകളുമുണ്ട്. വട്ടത്തിലുള്ള വാലിനും മങ്ങിയ തവിട്ടുനിറമാണ്. നാവുനീട്ടിയാണ് ഇര പിടിക്കുക. മരത്തിന്റെ ഉയരത്തിലുള്ള കൊമ്പിലാണ് ഇരിക്കുകയെങ്കിലും കുറ്റിക്കാടുകളിലും നിലത്തും കാണാറുണ്ട്.   Read on deshabhimani.com

Related News