ഭരണയന്ത്രത്തിന്റെ ജനാധിപത്യവൽക്കരണം പ്രധാനം: പുത്തലത്ത് ദിനേശൻ
തിരുവനന്തപുരം ഭരണയന്ത്രത്തിന്റെ ജനാധിപത്യവൽക്കരണം കൂടുതൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. വിവര സാങ്കേതികവിദ്യാ രംഗത്തുണ്ടായ നേട്ടങ്ങളെ ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനനുസൃതമായ ചുവടുവയ്‌പുകൾ സൂക്ഷ്‌മതലത്തിൽ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള ശിൽപ്പശാലയിൽ ‘ഭരണപരിഷ്‌കാരവും നവകേരള സൃഷ്ടിയും’ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യാ മുന്നേറ്റത്തെ ജനങ്ങളിൽ എത്തിച്ചാലേ ഭരണയന്ത്രത്തെ ജനകീയവൽക്കരിക്കാനാകൂ. കൊളോണിയൽ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെട്ട ഭരണസംവിധാനത്തിന്റെ സ്വഭാവ സവിശേഷത വിവിധ തലങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ഉള്ളടക്കത്തെ ജനകീയവൽക്കരിക്കുക പ്രധാനമാണ്. സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺലൈനായി ലഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണം. കെ–- ഫോൺപോലുള്ളവ ഈ രംഗത്ത് പുതിയ കാൽവയ്‌പാകും. കെഎഎസ് രൂപീകരണം അവസാനഘട്ടത്തിലാണ്. ഭരണസംവിധാനത്തിൽ ഇത് ഗുണകരമായ മാറ്റം വരുത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി മറ്റുള്ളവ പരിഷ്‌കരിക്കാൻ കർമപദ്ധതി തയ്യാറാക്കണം. പാർശ്വവൽക്കൃത സമൂഹങ്ങൾക്കും സ്‌ത്രീകൾക്കും പൂർണ പൗരാവകാശം ഉറപ്പുവരുത്തുംവിധം സമഗ്ര പൗരാവകാശ സംരക്ഷണ നിയമം നടപ്പാക്കണം. പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ സർക്കാർതലത്തിൽ തീർപ്പാക്കാനുള്ള സംവിധാനം പ്രധാനമാണ്. അതിനായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സമിതികളുടെ സാധ്യത പരിശോധിക്കണം. നിയമങ്ങളുടെ സങ്കീർണത അഴിമതിപോലുള്ളവയ്‌ക്ക് കാരണമാകുന്നതിനാൽ അവയുടെ ലഘൂകരണം പ്രധാനമാണ്. ഭരണഭാഷ മാതൃഭാഷയിലെന്നത് ഉറപ്പുവരുത്തണം. കോടതി ഭാഷയും അത്തരത്തിലേക്ക് രൂപപ്പെടുത്താനുള്ള ഇടപെടൽ തുടരണം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com