പുത്തുമല ഉയിര്‍ത്തത് ഇങ്ങനെ

പുത്തുമലക്കാർക്കൊരുക്കിയ മേപ്പാടി പുത്തക്കൊല്ലിയിലെ ‘ഹർഷം’ പുനരധിവാസ കേന്ദ്രം


മേപ്പാടി മഹാദുരന്തങ്ങളെ അതിജീവിക്കാൻ പുത്തുമല ഒരു പാഠമാണ്‌. കേരളം ലോകത്തിന്‌ മുന്നിലേക്ക്‌ ഹൃദയപൂർവം വച്ചുനീട്ടുന്ന മാതൃകയാണത്‌. മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ദുരിതബാധിതർക്കായി സർക്കാർ പ്രഖാപിച്ച ടൗൺഷിപ്പിന്‌ മാതൃക ഈ ഭാവനയാണ്‌. ഉരുൾപൊട്ടി ഒലിച്ചുപോയ ഒരു ജനതയും ദേശവുമാണ്‌ മേപ്പാടി പൂത്തക്കൊല്ലിയിൽ ‘ഹർഷം’ പുനരധിവാസ പദ്ധതിയിലൂടെ ഉയിർത്തെഴുന്നേറ്റത്‌. ദുരന്തത്തിൽ വീട്‌ നഷ്ടമായവരുടെ കണക്ക്‌ സർക്കാർ ശേഖരിച്ചിരുന്നു. ഒരൊറ്റയാളും ഒഴിവായില്ലെന്ന്‌ ഉറപ്പാക്കാൻ മേപ്പാടി പഞ്ചായത്ത്‌ ഭരണസമിതി നടപടി സ്വീകരിച്ചു. ആരാധനാലയങ്ങളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, നാട്ടുകാർ എന്നിവർചേർന്ന്‌  വിവരങ്ങൾ അന്തിമമാക്കി. ഓരോ കുടുംബത്തിനും സർക്കാർ 10,000 രൂപവീതം അടിയന്തരസഹായം നൽകി. ക്യാമ്പുകളിൽ താമസിപ്പിച്ചവരെ വാടക വീടുകളിലേക്ക്‌ മാറ്റി. 53 കുടുംബങ്ങൾ ആറുമാസം വാടകയ്‌ക്ക്‌ താമസിച്ചു. വീടൊന്നിന്‌ മാസം മൂവായിരം രൂപവീതം പഞ്ചായത്ത്‌ വാടക നൽകി. പുനരധിവാസത്തിന്‌ സർക്കാർ 10 ലക്ഷം രൂപവീതം അനുവദിച്ചു. പുത്തക്കൊല്ലിയിൽ ഏഴേക്കർ മാതൃഭൂമി നൽകി. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 53 വീടുകൾ നിർമിച്ചു. ഘട്ടങ്ങളായാണ്‌ നിർമാണം. ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി വീടും ഏഴ്‌ സെന്റും നൽകി. റോഡ്‌, വൈദ്യുതി, കുടിവെള്ള സൗകര്യം ഒരുക്കി. പുനരധിവാസ കേന്ദ്രത്തിലേക്ക്‌ വരാൻ താൽപ്പര്യപ്പെടാതിരുന്ന 50 കുടുംബങ്ങൾക്ക്‌ 10 ലക്ഷം രൂപവീതം അനുവദിച്ചു. ഇവർക്കും സന്നദ്ധസംഘടനകളുടെ സഹായമുണ്ടായി. പുത്തുമല സ്‌കൂളിന്‌ ബദൽ സൗകര്യമൊരുക്കി.പുത്തുമലയെ ഒഴുക്കിയ ദുരന്തം 2019 ആഗസ്‌ത്‌ എട്ടിനായിരുന്നു. പച്ചക്കാട്‌ പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായപ്പോൾ 17 ജീവൻ നഷ്ടമായി. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായില്ല. 103 വീടുകളും ഹെക്ടർകണക്കിന്‌ കൃഷിയും നശിച്ചു. ദുരന്തത്തിന്റെ അഞ്ചാം വാർഷികം വ്യാഴാഴ്ചയാണ്‌. പുനരധിവാസത്തിന്‌ വഴികാട്ടും പുത്തുമലയുടെ അനുഭവം മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ വഴികാട്ടും. നാടൊരുമിച്ചാണ്‌ പുത്തുമലയുടെ അതിജീവനം സാധ്യമാക്കിയത്‌. മേപ്പാടി പഞ്ചായത്തിലെ അന്നത്തെ എൽഡിഎഫ്‌ ഭരണസമിതി മുമ്പിൽനിന്നു. പദ്ധതികൾ ഏകോപിപ്പിച്ചു. മുണ്ടക്കൈ, ചൂരൽമല അതിജീവനവും യഥാർഥ്യമാകും കെ കെ സഹദ്‌ മേപ്പാടി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌   Read on deshabhimani.com

Related News