ഒടുവിൽ പായ്‌ക്ക്‌ അപ്‌; 
‘സാധു’ ശാന്തനായി നാട്ടിലേക്ക്‌



കോതമംഗലം ഭൂതത്താൻകെട്ട്‌ തുണ്ടം വനത്തിനുസമീപം തെലുഗു സിനിമാചിത്രീകരണത്തിനിടെ ഇടഞ്ഞോടി ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിച്ചുകൂട്ടിയ പുതുപ്പള്ളി സാധു എന്ന ആന ഒടുവിൽ ശാന്തനായി നാട്ടിലേക്ക്‌. വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ശനി രാവിലെ ഒമ്പതേകാലോടെയാണ്‌ ആനയെ കണ്ടെത്തിയത്‌. പഴവും മധുരവുമെല്ലാം നൽകി കാടിന്‌ പുറത്തെത്തിച്ച സാധുവിനെ പരിശോധനകൾക്കു ശേഷമാണ്‌ ലോറിയിൽ കയറ്റി കോട്ടയത്തേക്ക്‌ അയച്ചത്‌. വെള്ളി വൈകിട്ട്‌ അഞ്ചോടെയാണ്‌ തടത്താവിള മണികണ്‌ഠൻ എന്ന ആനയുമായി കൊമ്പുകോർത്ത്‌ പുതുപ്പള്ളി സാധു കാട്ടിലേക്ക്‌ ഓടിക്കയറിയത്‌. തെലുഗു നടൻ വിജയ് ദേവരകൊണ്ട നായകനായ സിനിമയിൽ കാട്ടാനകളായി അഭിനയിക്കാനാണ്‌ അഞ്ച്‌ ആനകളെ സ്ഥലത്ത്‌ കൊണ്ടുവന്നത്‌. ചിത്രീകരണത്തിനുശേഷം ലോറിയിൽ കയറ്റുന്നതിനിടെ മണികണ്‌ഠൻ പിന്നിൽനിന്ന്‌ കുത്തിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആനകൾ കൊമ്പുകോർത്ത്‌ കാട്ടിലേക്ക്‌ പാഞ്ഞു. മണികണ്‌ഠനെ കണ്ടെത്തിയെങ്കിലും പുതുപ്പള്ളി സാധു ഉൾക്കാട്ടിലേക്ക്‌ കടന്നിരുന്നു. രാത്രിവരെ തിരച്ചിൽ ഫലം കണ്ടില്ല. ആനയുടെ കാൽപ്പാദം പതിഞ്ഞ മേഖലകൾ നിരീക്ഷിച്ച് ഭൂതത്താൻകെട്ട് ഫോറസ്റ്റ് സ്റ്റേഷനിലെ സീനിയർ ഫോറസ്റ്റ് വാച്ചർ പി പി രവിയുടെ നേതൃത്വത്തിൽ ശനി രാവിലെ നടത്തിയ തിരച്ചിലിലാണ്‌ ആനയെ കണ്ടെത്തിയത്. എസ് വളവ് ഭാഗത്തെ വനമേഖലയിലായിരുന്നു ആന. പാപ്പാൻമാരും വനപാലകരും അനുനയിപ്പിച്ച്‌ റോഡിൽ എത്തിച്ചു. പരിക്കുകൾ ഇല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതോടെ ലോറിയിൽ കയറ്റി കോട്ടയത്തേക്ക്‌ കൊണ്ടുപോയി.കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 1998-ൽ അസമിൽനിന്നാണ് സാധുവിനെ വർഗീസ് സ്വന്തമാക്കിയത്. അവിടെ രേഖകളിലുണ്ടായിരുന്ന സാധു എന്ന പേര് ആനയ്ക്ക്‌ നൽകുകയായിരുന്നു. പേരുപോലെതന്നെ ശാന്തപ്രകൃതക്കാരൻ. മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്‌, തുണ്ടം ഫോറസ്‌റ്റ്‌ റേഞ്ച് ഓഫീസർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ എഴുപത്തഞ്ചോളം വനപാലകർ, ആർആർടി അംഗങ്ങൾ, ആന ഉടമ ഫെഡറേഷൻ അംഗങ്ങൾ തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു.   Read on deshabhimani.com

Related News