ചോദ്യപേപ്പർ വിഷയം: കർശന നടപടിക്ക്‌ വിദ്യാഭ്യാസ വകുപ്പ്‌



തിരുവനന്തപുരം പത്താം ക്ലാസ്‌ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക്‌ അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്കുമുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടികളിലേക്ക്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. തിങ്കളാഴ്ച മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി, ഹയർസെക്കൻഡറി പരീക്ഷയുടെ ചുമതലയുള്ള സെക്രട്ടറി എന്നിവർ പങ്കെടുക്കും. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടർ ഡിജിപിക്കും വിജിലൻസിനും പരാതി നൽകി. ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ട യു ട്യൂബ്‌ ചാനലിനെതിരെ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസിന്‌ പരാതി നൽകിയിട്ടുണ്ട്‌. പാദവാർഷിക, അർധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുമ്പോൾ പൊതുപരീക്ഷയുടെ നടപടിക്രമങ്ങൾ സ്വീകരിക്കാറില്ല. ഇത്തരം പരീക്ഷകളുടെ ഫലം നിർണായകവുമല്ല. എങ്കിലും നിലവിലെ സംഭവങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ഹയർസെക്കൻഡറി അർധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പർ സംസ്ഥാനത്തിനുപുറത്തുള്ള രഹസ്യകേന്ദ്രങ്ങളിൽ പ്രിന്റ് ചെയ്ത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്‌ പതിവ്‌. അവിടെനിന്ന്‌ പ്രിൻസിപ്പൽമാർ ശേഖരിക്കും. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റ്‌ (ഡിസ്‌ട്രിക്ട്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷൻ ആൻഡ്‌ ട്രെയിനിങ്‌) ആണ്‌ തയ്യാറാക്കുന്നത്‌. പ്രസ്സിൽനിന്ന്‌  വിവിധ ബിആർസികളിലും അവിടെനിന്ന്‌ സ്കൂളുകളിലും എത്തിക്കും. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പർ എസ്എസ്‌കെ ശിൽപ്പശാലയിലാണ്‌ തയ്യാറാക്കുന്നത്‌. പൊതുപരീക്ഷകൾക്ക്‌ ഹയർ സെക്കൻഡറി രണ്ടാംവർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്‌എസ്‌എൽസിക്ക്‌ നാല് സെറ്റ് ചോദ്യപേപ്പറുകളും സംസ്ഥാനത്തിന് പുറത്തുള്ള രഹസ്യകേന്ദ്രത്തിലാണ് അച്ചടിക്കുക. Read on deshabhimani.com

Related News