അതിഥി അധ്യാപകര്‍ക്ക് 
ഇനി മാസശമ്പളം ; കരട് രൂപരേഖ തയ്യാറാക്കിയതായി മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം സംസ്ഥാനത്തെ കോളേജുകളിൽ അതിഥി അധ്യാപകർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള മാർ​ഗനിർദേശങ്ങളുടെ കരട് രൂപരേഖ തയ്യാറാക്കിയതായി മന്ത്രി ആർ ബിന്ദു. സർക്കാർ/എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം  ഉറപ്പാക്കാൻ മന്ത്രി വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റീങ് പ്രൊസീജ്യർ (എസ്ഒപി) കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും. ഉദ്യോഗാർഥികൾക്ക്‌ ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്ട്രേഷൻ നൽകും. ഇനിമുതൽ എല്ലാ വർഷവും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ടിവരില്ല.  പിന്നീട് ഏതു ഡിഡി ഓഫീസ് പരിധിയിലുള്ള കോളേജുകളിലും ജോലി ചെയ്യാം. ചട്ടപ്രകാരമാണോ നിയമനമെന്ന് മാത്രം പരിശോധിച്ചാൽ മതി. അതിഥി അധ്യാപക നിയമനം നടത്തി ഒരു മാസത്തിനകം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലേക്ക് നിർദേശം  സമർപ്പിക്കണം. ഇത് പ്രിൻസിപ്പാൾമാരുടെ നിയമപരമായ ബാധ്യതയാണ്‌. തുടർന്ന് അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലി തുടങ്ങിയവയിൽ പങ്കെടുക്കുന്നവർക്കും വേതനം നൽകും. സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ ശമ്പളത്തോടുകൂടി ഓൺ ഡ്യൂട്ടി അനുവദിക്കും. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ഡിഡികളിൽ‌ അദാലത്ത് നടക്കും. അധ്യാപകരുടെ അധികാരവും വിദ്യാർഥികളുടെ താൽപ്പര്യവുമാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ അടിത്തറയെന്നും അത് ഉറപ്പാക്കുന്ന തരത്തിൽ പരിഷ്കരണത്തെ ഉൾക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അതിഥി അധ്യാപകർക്ക് വേതനം ലഭിക്കുന്നതിൽ കാലതാമസംവരുന്ന സാഹ​ചര്യത്തിലാണ്  യോ​ഗം വിളിച്ചത്. Read on deshabhimani.com

Related News