വാർത്തകൾ കേൾക്കുന്നത് റേഡിയോ മുക്കിൽ നിന്ന്...



പത്തനംതിട്ട > കൗതുകമുണർത്തുന്ന സ്ഥലപ്പേരുകൾ നിറഞ്ഞ നാടാണ് നമ്മുടേത്. സംഭവങ്ങളുടെയും വ്യക്തികളുടെയും അടയാളങ്ങളുടെയുമൊക്കെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ നമുക്കു ചുറ്റും നിരവധിയാണ്. പലപ്പോഴും ചെറിയൊരു സ്ഥലപ്പേരിന് പിന്നിൽ വലിയൊരു കഥ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ ചില സ്ഥലപ്പേരുകളുടെ പിറവിക്ക് കാരണമായത് നാട്ടുകാരുടെ റേഡിയോ ഭ്രമമായിരുന്നു. ഒന്നും രണ്ടുമല്ല മലയാലപ്പുഴ പഞ്ചായത്തിലെ നാല് സ്ഥലങ്ങൾക്കാണ് റേഡിയോപ്പേരുള്ളത്. വാർത്തകളും, വിവരങ്ങളും വിരൽ തുമ്പിലുള്ള കാലത്തിനപ്പുറത്തെ കഥപറയുന്ന റേഡിയോ മുക്കുകൾ.   കാലം 1960കളാണ്. മലയാലപ്പുഴയിലെ വെട്ടൂരിൽ ഒന്നോ രണ്ടോ സമ്പന്ന വീടുകളിൽ മാത്രമേ അന്ന് റേഡിയോ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാർക്കാകട്ടെ റേഡിയോ വാർത്തയും പരിപാടികളും കേൾക്കാൻ നല്ല താൽപര്യവുമുണ്ട്. നാട്ടുകാരുടെ താത്പര്യം പരി​ഗണിച്ച് പഞ്ചായത്ത് ആളുകൾ കൂടുന്ന കവലയിൽ‌ ഒരു റേഡിയൊ കിയോസ്ക് സ്ഥാപിച്ചു. രാവിലെയും വൈകിട്ടും പതിവായി ഇവിടെ നിന്നും ആകാശ‌വാണിയിലെ റേഡിയോ പരിപാടികൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചിരുന്നു. ഇത് കൈകാര്യം ചെയ്യാനായി ഒരു ജീവനക്കാരനെയും നിയമിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് നിലയങ്ങളിലെ വാർത്തകൾക്ക് പുറമേ അന്ന് സിലോണിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാളം പരിപാടികളും പതിവായി കേൾപ്പിക്കുമായിരുന്നു. പ്രദേശിക വാർത്തകൾ, യുവവാണി, വയലുംവീടും, കൃഷിഭൂമി, തൊഴിലാളി മണ്ഡലം, രജ്ഞിനി തുടങ്ങിയവ ജനങ്ങളുടെ ഇഷ്ട പരിപാടികളായിരുന്നു. ഇത് കൂടതെ ഡൽഹിയിലേ പരിപാടികളായ ഗീത് മാല, ദിൽ സെ, ഛായഗീത് തുടങ്ങിയവയും കേൾപ്പിച്ചിരുന്നു. ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് കൊണ്ട് ആളുകൾക്ക് വീടുകളിരുന്നും റേഡിയോ കേൾക്കാമായിരുന്നു. പക്ഷെ സമപ്രായക്കാരും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് പരിപാടികൾ  കേൾക്കുന്നതിന്റെ സുഖം വീട്ടിലിരുന്നാൽ കിട്ടില്ലല്ലോ. അതുകൊണ്ട്  നേരിട്ട് റേഡിയോ കിയോസ്‌ക്കിലെത്തി പരിപാടികൾ കേൾക്കുന്നതായിരുന്നു മിക്കവരുടെയും പതിവ്. പരിപാടി കഴിഞ്ഞാൽ അതിനെ പറ്റിയുള്ള ചൂടൻ ചർച്ചകളും സജീവം. നാട്ടുകാർ പതിവായി വന്ന് റേഡിയോയിലെ പരിപാടികൾ കേട്ട് അങ്ങനെ വെട്ടൂരിലെ ഈ ജങ്ഷന് റേഡിയോ ജങ്ഷനെന്ന പേരും വന്നു. 1980വരെ വെട്ടൂരിലെ റേഡിയോ കിയോസ്‌ക് പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. 1986ൽ ദൂരദർശൻ സംപ്രേക്ഷണം തുടങ്ങിയതോടെയും, 1990 ൽ സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ കടന്നു വരുവോടെയും ജനങ്ങൾ റേഡിയോയിൽ നിന്നകന്നെങ്കിലും ആറു പതിറ്റാണ്ടു മുൻപുള്ള കിയോസ്ക് വലിയ പോറലുകളൊന്നുമില്ലാതെ ഇന്നും തലയുയർത്തി നിൽക്കുന്നു.  പുതുക്കുളം എസ്എൻഡിപി സ്കൂളിനോട് ചേർന്നാണ് മറ്റൊരു റേഡിയോ ജങ്ഷൻ ഉള്ളത്. ഇവിടം പുതുക്കുളം റേഡിയോ ജങ്ഷൻ എന്നാണ് അറിയപ്പെടുന്നത്. ഇതുകൂടാതെ മുക്കുഴി റേഡിയോ ജങ്ഷനും കാവനാൽ പടി റേഡിയോ മുക്കും മലയാലപ്പുഴയിലെ  റേഡിയോ കാലത്തിന്റെ ഓർമകളാകുന്നു. Read on deshabhimani.com

Related News