റെയിൽവേയുടെ വീഴ്‌ച: അനാസ്ഥയിൽ പൊലിഞ്ഞത് 4 ജീവൻ



തിരുവനന്തപുരം/ പാലക്കാട്‌ സുരക്ഷയൊരുക്കാതെ  റെയിൽവേ കുരുതി കൊടുത്തത്‌ നാലുജീവൻ. മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഞായറാഴ്‌ചയാണ്‌ ഷൊർണൂർ സ്റ്റേഷൻ പരിധിയിൽ ട്രെയിനിലിരുന്നുള്ള വിൻഡോ വിസിറ്റിങ്ങിന്‌ എത്തുമെന്ന്‌ അറിയിച്ചിരുന്നത്‌. ഇതിനുമുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ്‌ തമിഴ്‌നാട്‌ സ്വദേശികളായ ലക്ഷ്‌മണൻ, ഭാര്യ വള്ളി, റാണി, ഭർത്താവ്‌ ലക്ഷ്‌മണൻ എന്നിവർ ശനിയാഴ്‌ച ട്രെയിൻ ഇടിച്ച്‌ മരിച്ചത്‌. ശുചീകരണതൊഴിലാളികൾ മരിക്കാനിടയായ സാഹചര്യമുണ്ടാക്കിയത്‌ റെയിൽവേ അധികൃതരാണ്‌. റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികളോ ശുചീകരണമോ നടത്തുമ്പോൾ മേൽനോട്ടത്തിനും സുരക്ഷാ സംവിധാനത്തിനുമായി സൂപ്പർവൈസറെ നിയമിക്കണം. ഇത്‌ റെയിൽവേ അധികൃതരും കരാറുകാരനും പാലിച്ചില്ല. ട്രാക്കിലും പരിസരത്തുംവീണ മാലിന്യങ്ങൾ നീക്കം ചെയ്യാനായി കരാർ ഏറ്റെടുത്തയാൾ വിളിച്ചതിനാലാണ്‌ ശനിയാഴ്ച ഇവർ എത്തിയത്‌. പത്ത്‌ അംഗ സംഘത്തെയാണ്‌ നിയോഗിച്ചിരുന്നത്‌. എന്നാൽ ഈ വിവരം ആർപിഎഫ്‌പോലും അറിഞ്ഞില്ല. വിവിധ ഭാഗങ്ങളിൽനിന്ന്‌ മാലിന്യം പെറുക്കുകയായിരുന്നു ഇവർ. മരിച്ച നാലുപേരും പാലത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. പാലത്തിനുസമീപമുള്ള ബി ക്യാബിനിലെ ജീവനക്കാരും ഇവിടെ ശുചീകരണം നടക്കുന്ന വിവരം അറിഞ്ഞില്ല. ബി ക്യാബിനിൽനിന്ന്‌ നോക്കിയാൽ ഇതറിയാനും ലോക്കോ പൈലറ്റിന്‌ മുന്നറിയിപ്പ്‌ നൽകാനും കഴിയും. ശുചീകരണസമയം ഗ്യാങ്‌മാനോ കരാറുകാരനോ സൂപ്പർവൈസറോ ഇല്ലാതിരുന്നതും വീഴ്‌ചയാണ്‌. ഏറെ വളവുകളുള്ള വള്ളത്തോൾ–- ഷൊർണ്ണൂർ മേഖലയിൽ ഇരുഭാഗത്തുനിന്നും ട്രെയിൻ വന്നാൽ തൊഴിലാളികൾക്ക്‌ അറിയാനാകില്ല. തിരക്കിട്ടാണ്‌ ഈ ഭാഗത്ത്‌ ട്രാക്ക്‌ ശുചീകരണം നടത്തിയത്‌. പ്ലാറ്റ്‌ഫോം ശുചീകരണം, കോച്ച്‌ ക്ലിനീങ്‌ എന്നിവയ്‌ക്ക്‌ സൂപ്പർവൈസർ ഉണ്ടാകണമെന്നത്‌ നിർബന്ധമാണ്‌. വള്ളത്തോൾ നഗറിൽനിന്നും ഷൊർണൂർ പാലംവരെ മൂന്നുകിലോമീറ്ററാണ്‌ ദൂരം. ഈ ദൂരത്തിനിടയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഡിവിഷണൽ അധികൃതർക്ക്‌ കഴിയുമായിരുന്നു. 700 മീറ്ററുള്ള പാലത്തിൽ ട്രെയിൻ വരുമ്പോൾ നിൽക്കാൻ നടപ്പാതയില്ല. ട്രെയിൻ വരുന്നത്‌ മുൻകൂട്ടി  അറിയാൻ കഴിയുന്ന രക്ഷക്‌ ഉപകരണവും ശുചീകരണ തൊഴിലാളികൾക്ക്‌ നൽകിയില്ല. ട്രാക്ക്‌ മെയിന്റനൻസ്‌ നടത്തുന്ന തൊഴിലാളികളുടെ ജീവൻ ഭീഷണിയായി തുടരുകതന്നെയാണ്‌. Read on deshabhimani.com

Related News