റെയിൽവേയിൽ ഹിതപരിശോധന ബുധനാഴ്‌ച തുടങ്ങും



തിരുവനന്തപുരം> ദക്ഷിണറെയിൽവേയിലും രാജ്യത്തെ മറ്റ്‌ റെയിൽവേ സോണുകളിലും   ട്രേഡ്‌ യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയ്‌ക്ക്‌ (റഫറണ്ടം) ബുധനാഴ്‌ച തുടക്കമാകും. ഹിതപരിശോധനയുടെ ഭാഗമായി രഹസ്യ ബാലറ്റിലൂടെ വെള്ളിവരെ  റെയിൽവേ ജീവനക്കാർക്ക്‌ വോട്ടെടുപ്പിൽ പങ്കെടുക്കാം. കേരളം ഉൾപ്പെടുന്ന ദക്ഷിണറെയിൽവേയിൽ 76000  ഓളം പേർക്കാണ്‌ വോട്ടവകാശമുള്ളത്‌. ഇതിൽ തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിലായി 16000 പേരുണ്ട്‌. തമിഴ്‌നാട്ടിലെ  നാല്‌ ഡിവിഷനുകളിൽനിന്നാണ്‌ ബാക്കി അറുപതിനായിരത്തോളംപേരും.  ബാലറ്റിൽ ഒന്നാമതായാണ്‌ സിഐടിയു അംഗീകാരമുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയന്റെ (ഡിആർഇയു)പേര്‌. നക്ഷത്രമാണ്‌ ചിഹ്‌നം.  17 സോണുകളിലുമായി 12 ലക്ഷത്തോളംപേർ ഹിതപരിശോധനയിൽ പങ്കാളികളാകും. അഞ്ചോ അതിലധികമോ സോണുകളിൽ അംഗീകാരം ലഭിക്കുന്ന യൂണിയനുകൾ ചേർന്നുള്ള ഫെഡറേഷനുകൾക്ക്‌ ബോർഡ് തലത്തിൽ അംഗീകാരം ലഭിക്കും.  ഓരോസോണിലും 30 ശതമാനം ജീവനക്കാരുടെ പിന്തുണ ലഭിക്കുന്ന സംഘടനകൾക്ക്‌ അംഗീകാരം കിട്ടും.  ഇന്ത്യൻ  റെയിൽവേയുടെ ചരിത്രത്തിൽ മൂന്നാമത്തെ രഹസ്യ ബാലറ്റ്‌ വോട്ടെടുപ്പാണ്‌ നടക്കുന്നത്. ഡിആർഇയു ഉൾപ്പെട്ട യൂണിയനുകൾ  നടത്തിയ ഇടപെടലിലൂടെയാണ്‌ രഹസ്യ ബാലറ്റിനുള്ള ഉത്തരവ് ഉണ്ടായത്. അതനുസരിച്ചു 2007 നവംബറിലാണ് ആദ്യത്തെ റഫറണ്ടം നടന്നത്‌.  എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ, എഐജിസി,എഐഎഎസ്‌എ,എസ്‌ആർഇഎ എന്നീ സംഘടനകളുടെ പിന്തുണ ഡിആർഇയുവിനുണ്ട്‌. ജീവനക്കാരുടെയും റെയിൽവേ യാത്രക്കാരുടെയും താൽപര്യ സംരക്ഷണത്തിനായി  ജാഗ്രതയോടെ പ്രവർത്തിക്കുന്ന  ദക്ഷിണ റെയിൽവേയിലെ  ഒരേ ഒരു സംഘടന ഡിആർഇയുവാണെന്ന്‌ റെയിൽവേ കോൺട്രാക്ട് കാറ്ററിങ്‌ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌   ആർ ജി പിള്ള പറഞ്ഞു.   Read on deshabhimani.com

Related News