2 ദിവസം ശക്തമായ 
മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം കടുത്ത ചൂടിന്‌ ആശ്വാസമായി കേരളത്തിൽ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌ . തിങ്കളും ചൊവ്വയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ടാണ്‌. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഞ്ഞ അലർട്ട്‌. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ രണ്ട് ദിവസം മത്സ്യബന്ധനം പാടില്ലെന്ന്‌ മുന്നറിയിപ്പുണ്ട്‌. മധ്യ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ്‌ മഴ സാധ്യത പ്രചവിച്ചിട്ടുള്ളത്‌. ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി രണ്ട്‌ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്‌. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ്‌ ന്യൂനമർദം രൂപപ്പെടുന്നത്‌. മധ്യ, വടക്കൻ ജില്ലകളിലാകും കൂടുതൽ മഴസാധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലയിലും മഴ ലഭിച്ചേക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്‌. ജനങ്ങൾ ജാഗ്രത പാലിക്കണം. നേരിയ മഴ ഒരാഴ്ച തുടർന്നേക്കും. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത്‌ ഉയർന്ന താപനിലയാണ്‌ അനുഭവപ്പെട്ടത്‌. ശരത്കാല വിഷുവത്തെ തുടർന്ന് സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതാണ്‌ കാരണം. സൂര്യരശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളില്ലാത്തത്‌ ചൂടിന്റെ കാഠിന്യം വർധിപ്പിച്ചു. സൂര്യൻ ഭൂമധ്യരേഖയ്ക്ക്‌ മുകളിലെത്തുകയും സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്കാല വിഷുവം. Read on deshabhimani.com

Related News