തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിൽ ചക്രവാത ചുഴി; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം > തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 7, 8 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. Read on deshabhimani.com