ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം> തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള തീരത്ത് 26 മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. Read on deshabhimani.com