വേനൽക്കരുതലായി മഴക്കൊയ്ത്ത് ; രണ്ട്‌ ജലസംഭരണികളിൽ നിറഞ്ഞത്‌ 47 ലക്ഷം ലിറ്റർ വെള്ളം



കാഞ്ഞങ്ങാട്‌ ഒരുമാസത്തെ മഴക്കൊയ്‌ത്തിൽ രാജേഷിന്റെ രണ്ട്‌ ജലസംഭരണികളിൽ നിറഞ്ഞത്‌ 47 ലക്ഷം ലിറ്റർ വെള്ളം. കോടോം–- ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ –- അയ്യങ്കാവ് റോഡരികിലെ കൃഷിയിടത്തിൽ യഥാക്രമം ഏഴും നാൽപ്പതും ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന രണ്ട് സംഭരണികളാണ്‌ നിറഞ്ഞുകവിഞ്ഞത്‌. അധ്യാപകനും പൊതുപ്രവർത്തകനുമായ രാജേഷ്‌ സ്‌കറിയയും പരമ്പരാഗത കർഷകനായ അച്ഛൻ സ്കറിയയും ചേർന്നാണ്‌ ആറുവർഷം മുമ്പ്‌ ആറ്‌ ഏക്കറോളംവരുന്ന വീട്ടുപറമ്പിൽ സംഭരണി നിർമിച്ചത്‌.  മൂന്നേകാൽ ലക്ഷം രൂപ ചെലവിട്ട്‌, വീടിനുപിറകിൽ ചെങ്കല്ല്‌ വെട്ടിയെടുത്തായിരുന്നു നിർമാണം.  പുരപ്പുറത്ത്‌ വീഴുന്ന മഴവെള്ളം മുഴുവൻ അതിലേക്കെത്തിച്ചപ്പോൾ 15, 20 ദിവസംകൊണ്ട്‌ സംഭരണി നിറഞ്ഞു. തുടർന്നാണ്‌ വലിയ സംഭരണിയെക്കുറിച്ച്‌ ചിന്തിച്ചത്‌. റബർത്തോട്ടത്തിലെ കുറച്ച്  മരങ്ങൾ മുറിച്ചുനീക്കി 40 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമാണ്‌ 40 ലക്ഷം ലിറ്റർ ശേഖരിക്കാവുന്ന സംഭരണി നിർമിച്ചത്‌. ഇതും ഇപ്പോൾ നിറഞ്ഞു. സംഭരണിക്ക്‌ 75,000 രൂപ കൃഷി വകുപ്പിൽനിന്ന്‌  സബ്സിഡി ലഭിച്ചതായും സംഭരണി ഇപ്പോൾ നല്ലൊരു നീന്തൽക്കുളവുമാണെന്നും  കെഎസ്‌ടിഎ വൈാക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ജില്ലാ കൺവീനർകൂടിയായ രാജേഷ്‌  പറഞ്ഞു. Read on deshabhimani.com

Related News