ഔഷധശാലയാണ് ഈ രക്തശാലി
കോട്ടയം > ചുവപ്പു നിറം, വിലയോ ഒട്ടും കുറവല്ല, ഔഷധഗുണങ്ങളുടെ പട്ടികയാണെങ്കിലോ നെടുനീളൻ... പാലായുടെ കാർഷിക മണ്ണിൽ വിളയാൻ കാത്തുനിൽക്കുന്ന രക്തശാലി അരിയുടെ വിശേഷങ്ങൾ പറയാൻ ഏറെയാണ്. വയനാടിലും കർണാടകയിലും സുലഭമായ ‘രക്തശാലി’ പുതിയ പരീക്ഷണം എന്ന നിലയിലാണ് എലിക്കുളം പഞ്ചായത്തിലെ നാലേക്കർ കോക്കാട്ട് - ഇടയ്ക്കാട്ട് പാടശേഖരത്ത് കൃഷി ചെയ്യാൻ ആരംഭിച്ചത്. അപൂർവ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമായ നെല്ലിൽ പുതിയ സാധ്യതകൾ തേടുകയാണ് എലിക്കുളം സ്വദേശികളായ കോക്കാട്ടിൽ മാത്യുവും സുഹൃത്ത് ജോജോ ഇടയ്‌ക്കാടും. ഹിറ്റാകും, അതുറപ്പാ സാധാരണ അരിയിൽ നിന്നും വ്യത്യസ്തമായി പത്തിരട്ടിയോളം വിലയുണ്ട് രക്തശാലി അരിക്ക്. കിലോയ്‌ക്ക് 200 മുതൽ 480 വരെയാണ് വിപണിയിലെ വില. മറ്റ് നെല്ലുകളെ അപേക്ഷിച്ച് വിളവും കുറവായിരിക്കും. 120 ദിവസം കൊണ്ട് അരിയായി മാറുന്ന ഇവയുടെ വിപണനമാണ് മറ്റൊരു വെല്ലുവിളി. എന്നാൽ അക്കാര്യത്തിൽ തങ്ങൾക്ക് ആശങ്കയില്ലെന്ന് കർഷകർ പറയുന്നു. രക്തശാലി വിളവ് ഇറക്കിയെന്ന് അറിഞ്ഞതിന് പിന്നാലെ നിരവധി പേർ അന്വേഷിച്ച് എത്തിയെന്ന് ഇരുവരും പറഞ്ഞു. കൂടാതെ ഓൺലൈൻ മാർക്കറ്റ് ഉൾപ്പെടെയുള്ള സാധ്യതകളും തേടും. പുതിയ മേഖലകൾ തേടി കപ്പ, വാഴ തുടങ്ങിയവ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ടെങ്കിലും വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നാണ് നെൽകൃഷിയിലേക്കുള്ള മാത്യുവുവിന്റെയും ജോജുവിന്റെയും വരവ്. ജോജോ ഫിനാൻഷ്യൽ കൺസൾട്ടന്റും മാത്യു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ എംഡിയുമായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ പ്രവീണിന്റെ നിർദേശ പ്രകാരമാണ് ഇങ്ങനെ ഒരു ആശയം ഇവരിലേക്ക് എത്തുന്നത്. പിന്നീട് രക്തശാലിയെ കുറിച്ച് കൂടുതൽ പഠിച്ചതോടൊയണ് അരിയുടെ ഗുണങ്ങൾ മനസിലാക്കുന്നത്. മാത്യു ഫാർമസ്യൂട്ടിക്കൽ രംഗത്ത് നിന്നായതിനാൽ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാനും അവ ജനങ്ങൾക്ക് നൽകാനും താത്‌പര്യവുമുണ്ടായിരുന്നു. ഇതോടെയാണ് തരിശായി കിടന്ന ഭൂമിയിൽ നെൽകൃഷി ആരംഭിച്ചത്. എല്ലാ സഹായങ്ങളുമായി പഞ്ചായത്തും കൃഷിഭവനും കൂടെയുണ്ട്. അരിയിലെ കേമൻ നാടൻ നെല്ലിനമാണെങ്കിലും ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ഔഷധ അരിയായും ഇവയെ കണക്കാക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ പഠനത്തിൽ അരിയിലും തവിടിലും ധാരാളം പോഷകഗുണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, കാത്സ്യം, സിങ്ക്, അയൺ, ഫോസ്‌ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പോഷക ഗുണങ്ങളുള്ളതിനാൽ പാലൂട്ടുന്ന അമ്മമാർക്ക് ഏറെ ഗുണകരമാണ്. കൂടാതെ ഉദരസംബന്ധമായ അസുഖങ്ങൾക്കും രക്തശാലി അരി വളരെ നല്ലതാണ്. മറ്റു പല നെല്ലിനങ്ങളേക്കേൾ കുറവേ വിളവു ലഭിക്കൂകയുള്ളുവെങ്കിലും ഉയർന്ന വിലയുള്ളതിനാൽ കർഷകർക്കും മെച്ചം. Read on deshabhimani.com