കേരളമാണ് പ്രതീക്ഷ: രാം പുനിയാനി
രാജ്യത്തെ മാനവികതയുടെ ഉറച്ചശബ്ദമാണ് രാം പുനിയാനി. സാംസ്‌കാരിക ചിന്തകൻ, സാമൂഹിക വിമർശകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭ. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്‌തരൂപം പി ബിജു–- ധീരജ് നഗർ> മതരാഷ്‌ട്രീയത്തെ അകറ്റിനിർത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ശരിയും തെറ്റും വേർതിരിച്ചറിയാൻ കേരളത്തിനാകും–-രാജ്യത്ത് ഏറ്റവും സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഇടം. സംഘപരിവാർ ജനാധിപത്യത്തെ ഭയക്കുന്നു. ജനാധിപത്യമുള്ളിടത്തുമാത്രമാണ് മാറ്റങ്ങളുണ്ടാവുക. നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഹിന്ദുവായ ഗാന്ധിജിയെ കൊന്നത് ഹിന്ദുത്വത്തിന്റെ പേരിലാണ്. ഹിന്ദുമതത്തിന്റെ തുറന്നതും വിശാലവുമായ സംവാദതലത്തെയാണ് അവർ പേടിക്കുന്നത്. ശാസ്‌ത്രചിന്തയെ പുറത്താക്കുന്നു ശാസ്‌ത്രചിന്തയെയും താർക്കിക ബുദ്ധിയെയും ഇല്ലാതാക്കാൻ സംഘടിത ശ്രമാണ് രാജ്യത്ത് നടക്കുന്നത്. ആദ്യ എൻഡിഎ സർക്കാരിന്റെ കാലംമുതൽ ഇത് കാണാം. ജ്യോതിഷം പാഠ്യപദ്ധതിയുടെ ഭാഗമാക്കി. അതിന് ജ്യോതിശാസ്ത്രവുമായി ബന്ധമില്ല. ശനി ഒരു ഗ്രഹമാണ് എന്നതിനുപകരം നമ്മെ നിയന്ത്രിക്കുന്ന ദുഷ്ടശക്തിയാണ് എന്ന് പഠിപ്പിക്കുന്നു. പുത്രകാമേഷ്‌ഠി യാഗം ശാസ്‌ത്രമാണെന്ന് പഠിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ശാസ്ത്രം, ചിന്ത, ഗണിതം എന്നിവയിൽ ഇന്ത്യക്ക് മഹത്തായ നേട്ടങ്ങളുടെ പാരമ്പര്യമുണ്ട്. ആര്യഭട്ടനും ചരകനും ചാർവാകനും മഹത്തായ ശാസ്‌ത്ര പ്രതിഭകളാണ്. എന്നാൽ, ഇവർക്ക് പകരം ബ്രാഹ്മണ പ്രത്യയശാസ്‌ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രതിഷ്‌ഠിക്കുന്നു. വളർത്തുന്ന അസമത്വം അസമത്വത്തെ നിലനിർത്തുന്ന ചിന്താപദ്ധതിയാണ് സംഘപരിവാർ പ്രത്യയശാസ്ത്രം. ഭഗത്‌സിങ്ങിന്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനും അംബേദ്കറുടെ റിപ്പബ്ലിക്കൻ പാർടി ഓഫ് ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ ദേശീയതയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. അതേ കാലഘട്ടത്തിൽ മതത്തിന്റെ പേരിൽ മുഹമ്മദലി ജിന്നയുടെ മുസ്ലിംലീഗും സവർക്കറുടെ ഹിന്ദു മഹാസഭയും ആർഎസ്‌എസും രൂപംകൊണ്ടു. ഫ്യൂഡൽ ചിന്താഗതിയുടെ പുനരുജ്ജീവനമാണ് ലക്ഷ്യമിട്ടത്. പുരുഷാധിപത്യ ചിന്തയാണ് ഇവരെ നയിച്ചത്. ആർഎസ്‌എസ് പുരുഷന്മാർക്കുവേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ്. സ്ത്രീകൾക്കുവേണ്ടി രാഷ്ട്രീയ സേവിക സമിതി ഉണ്ടാക്കി. സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്റെ പോക്കറ്റിലാണ് എന്നാണ് അവർ ചിന്തിക്കുന്നത്. വിദ്വേഷം പടർത്തുന്നു വിദ്വേഷമാണ് സംഘപരിവാർ രാഷ്‌ട്രീയത്തെ നയിക്കുന്നത്. പശുക്കൾ ദൈവമാണെന്ന് പ്രചരിപ്പിക്കുന്നു. വേദകാലത്ത് പശുമാംസം കഴിച്ചിരുന്നതായി സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്. മുസ്ലിം, ക്രിസ്‌ത്യൻ ആരാധനാലയങ്ങളിൽ വിഗ്രഹവും ക്ഷേത്രവും തിരയുകയാണ്. ഗസ്‌നി ക്ഷേത്രം ആക്രമിച്ചത് അതിലെ സമ്പത്ത് കൊള്ളയടിക്കാനാണ്. ഇതിനെ മതവിദ്വേഷമായി ചിത്രീകരിക്കുകയാണ്. പല സംസ്ഥാനങ്ങളും സംഘപരിവാർ ആശയങ്ങൾക്ക് കീഴ്പ്പെട്ടുകഴിഞ്ഞു. ജനാധിപത്യവും സാഹോദര്യവും വീണ്ടെടുക്കാൻ രാജ്യം ഒന്നിച്ച് പോരാടേണ്ടതുണ്ട്. Read on deshabhimani.com