കൂടിയാലോചനകൾ നടക്കുന്നില്ല ; അതൃപ്തി വെളിപ്പെടുത്തി ചെന്നിത്തല



തിരുവനന്തപുരം കോൺഗ്രസിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നതിൽ അതൃപ്തി രേഖപ്പെടുത്തി രമേശ്‌ ചെന്നിത്തല. കാര്യങ്ങൾ കൂടിയാലോചിക്കാത്തതിന്റെ പ്രശ്നങ്ങൾ പാർടിയിലുണ്ടെന്നും പ്രവർത്തകർക്ക്‌ വിഷമം ഉണ്ടാക്കുമെന്നതിനാൽ കൂടുതൽ തുറന്നുപറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന ഉടനെയൊന്നും നടക്കാനുള്ള സാധ്യതയില്ല. സുധാകരനെ മാറ്റേണ്ട സാഹചര്യമില്ലെന്നും അത്തരം വാർത്തകൾ വരുന്നത്‌ ഏത്‌ കോണിൽനിന്നാണെന്ന്‌ സംശയമുണ്ടെന്നും ചെന്നിത്തല പറയുന്നു. വി ഡി സതീശന്റെ നീക്കങ്ങളിൽ അതൃപ്തിയുള്ള ചെന്നിത്തല അടുത്തിടെ ചാണ്ടി ഉമ്മന്റെ തുറന്നു പറച്ചിലിനെയും പിന്തുണച്ചിരുന്നു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ എല്ലാ എംഎൽഎമാർക്കും നേതാക്കൾക്കും ചുമതല നൽകിയപ്പോഴും തന്നെമാത്രം തഴഞ്ഞുവെന്നാണ്‌ ചാണ്ടി ഉമ്മൻ പറഞ്ഞത്‌. സതീശന്റെ അറിവോടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണ്‌ അതിനുപിന്നിൽ കളിച്ചതെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ സൂചന. കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കി, യുവ പ്രാതിനിധ്യത്തിന്റെപേരിൽ സംഘടന കൈപ്പിടിയിലാക്കാൻ സതീശന്റെയും ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കളുടെയും കരുനീക്കം ശക്തമാണ്‌. ഈ സാഹചര്യത്തിലാണ്‌ മറുഭാഗത്തുനിന്ന്‌ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉണ്ടായത്‌. സുധാകരനും അദ്ദേഹം ഭാരവാഹികളാക്കിയവരുമാണ്‌ കരടുകളെന്നാണ്‌ സതീശനൊപ്പമുള്ളവർ പറയുന്നത്‌. പുനഃസംഘടനാ യോഗങ്ങളിലേക്ക്‌ കെപിസിസി ഉടൻ കടന്നേക്കുമെന്നും വാർത്തയുണ്ട്‌.   Read on deshabhimani.com

Related News