ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം തടവ്
കാസര്‍കോട്> ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്. നീലേശ്വരം കിനാനൂര്‍ പെരിയാലിലെ പി രാജനെ (58)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഒരുമാസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. രാജപുരം സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ അധ്യാപകനായ രാജന്‍ ഇതേ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയെയാണ് പലതവണ പീഡിപ്പിച്ചത്. 2018 ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം പുറത്തറിഞ്ഞത്. 12 സാക്ഷികളെ വിസ്തരിച്ച കോടതി 20 രേഖകള്‍ പരിശോധിച്ചു. 2018 ഫെബ്രുവരിയില്‍ പോക്സോ നിയമം ഭേദഗതി ചെയ്തതിന് ശേഷമുള്ള കഠിനമായ ശിക്ഷാ വിധിയാണിത്. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ആദ്യമായാണ്. നേരത്തെ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുക മാത്രമാണുണ്ടായിരുന്നത്. തുക യഥാസമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയുള്ളതിനാലാണ് കോടതി ഉത്തരവ്. രാജപുരം എസ്ഐ ആയിരുന്ന എം വി ഷിജുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. Read on deshabhimani.com