മുൻകൂർ ജാമ്യാപേക്ഷ തള്ളി ; സിദ്ദിഖിനായി 
ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌



കൊച്ചി നടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ്, അറസ്റ്റ് വിലക്കണമെന്ന ആവശ്യം ജസ്റ്റിസ് സി എസ്‌ ഡയസ് നിരസിച്ചത്.   ഇതൊടെ മൊബൈൽ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ മുങ്ങിയ നടനെ കാക്കനാട്‌ പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളിൽ അന്വേഷിച്ചെങ്കിലും  കണ്ടെത്താനായില്ല. വിദേശത്തേക്ക് കടക്കാതിരിക്കാൻ  വിമാനത്താവളങ്ങളിൽ  ലുക്കൗട്ട്‌ സർക്കുലർ ഇറക്കി.   സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും മുൻകൂർജാമ്യം നൽകിയാൽ  സാക്ഷികളെ സ്വാധീനിക്കാനും തെളിവ്‌ നശിപ്പിക്കാനും ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്  ജാമ്യാപേക്ഷ തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെതുടർന്നുള്ള നടപടി വൈകിയതിന്‌ കോടതി സർക്കാരിനെ വിമർശിച്ചു.  നടന്റെ  സ്വാധീനവും ഭീഷണിയും മൂലമാ
ണ്‌ പരാതി  വൈകിയതെന്ന്‌ അതിജീവിത പറഞ്ഞിട്ടുണ്ട്‌. പരാതിനൽകിയതിൽ കാലതാമസമുണ്ടായെന്ന  പ്രതിഭാഗം വാദത്തിൽ കഴമ്പില്ല. നടന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച്‌ 2019ൽ അതിജീവിത സമൂഹമാധ്യമങ്ങളിൽ കുറിച്ചതിന്‌  ഭീഷണിസന്ദേശങ്ങളുണ്ടായത്‌ ഗുരുതരമാണ്. അതിജീവിതയുടെ സ്വഭാവശുദ്ധി ചോദ്യംചെയ്തുള്ള ആരോപണങ്ങൾ പരിശോധിക്കേണ്ട സമയമല്ലിത്‌–- ഉത്തരവിൽ പറഞ്ഞു.  സംഭവസമയത്ത് ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നതിന് തെളിവുണ്ടെന്ന്‌ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ ചൂണ്ടിക്കാട്ടി. 2016ൽ  ‘സുഖമായിരിക്കട്ടെ’ എന്ന  സിനിമയുടെ പ്രിവ്യൂ ഷോയ്‌ക്ക്‌ ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽ സിദ്ദിഖ്‌ താമസിച്ച മുറിയിൽവച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ്‌ പരാതി. Read on deshabhimani.com

Related News