റേഷൻ മസ്‌റ്ററിങ്‌ 30 വരെ ; വേഗത്തിലാക്കാൻ മൊബൈൽ ആപ്‌



തിരുവനന്തപുരം റേഷൻ മസ്‌റ്ററിങ്‌ വേഗത്തിൽ പൂർത്തിയാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി കേരളം. ഇതിനായി തയ്യാറാക്കിയ "മേരാ കെവൈസി' മൊബൈൽ ആപ്‌ പരീക്ഷണം വിജയം കണ്ടു. സാങ്കേതിക പരിശോധന പൂർത്തിയാക്കി 11ഓടെ പ്രവർത്തനം ആരംഭിക്കുമെന്നും മൊബൈൽ ആപ്പിലൂടെ മസ്‌റ്ററിങ്‌ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്‌ കൂടുതൽ പ്രവാസികളുള്ളതിനാൽ മസ്‌റ്ററിങ്‌ നടപടികൾ വേഗത്തിൽ  പൂർത്തിയാക്കാൻ ബദൽ മാർഗം വേണമെന്ന് കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം യുഐഡിഎഐ അംഗീകാരമുള്ള മൊബൈൽ ആപ്‌ ഹൈദരാബാദിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ്‌ സെന്ററിന്റെ (എൻഐസി-) സഹായത്തോടെയാണ്‌  വികസിപ്പിച്ചത്‌. ഏറെ താമസിച്ചാണ്‌ മസ്‌റ്ററിങ്‌ നടപടികൾ ആരംഭിച്ചതെങ്കിലും ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത്‌ ഇതുവരെ 84.21 ശതമാനം എഎവൈ, പിഎച്ച്എച്ച് റേഷൻ കാർഡ് അംഗങ്ങൾ മസ്‌റ്ററിങ്‌ പൂർത്തിയാക്കി. 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 ഗുണഭോക്താക്കളും പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും മസ്‌റ്ററിങ്‌ പൂർത്തിയാക്കി. പ്ലേ സ്‌റ്റോറിൽനിന്ന്‌ സ്‌മാർട്ട് ഫോണിൽ ആപ്‌ ഡൗൺലോഡ് ചെയ്‌ത്‌ കിടപ്പുരോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, മറ്റു സംസ്ഥാനങ്ങളിൽ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി പോയവർ എന്നിവർക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാം. നിലവിൽ ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ്‌ ഫോണുകളിൽ മാത്രമാണ്‌ ലഭ്യമാകുക. ബുധൻ മുതൽ മസ്‌റ്ററിങ്‌ നടപടികൾക്കായി ഐറിസ്‌ സ്‌കാനറിന്റെ  ഉപയോഗം വ്യാപകമാക്കും. ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്തവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ താലൂക്കുകളിൽ ക്യാമ്പ്‌ സംഘടിപ്പിക്കും. Read on deshabhimani.com

Related News