പ്രാദേശിക ചില്ലറവിൽപ്പന മേഖലകള്‍ വികസിപ്പിക്കും: മന്ത്രി പി രാജീവ്



കൊച്ചി >  ചില്ലറവിൽപ്പന വർധിപ്പിക്കാൻ സംസ്ഥാനത്ത്‌ പ്രാദേശികതലത്തിൽ ചില്ലറവിൽപ്പന മേഖലകൾ വികസിപ്പിക്കുമെന്നും കേരളത്തിലേക്ക് കൂടുതൽ ഫാസ്‌റ്റ്‌ മൂവിങ്‌ കൺസ്യൂമർ ഗുഡ്‌സ്‌ (എഫ്എംസിജി) ഉൽപ്പാദക കമ്പനികളെ എത്തിക്കാൻ ശ്രമിക്കുകയാണെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരള ഇൻഡസ്ട്രിയൽ പ്രമോഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വാണിജ്യ, വ്യവസായവകുപ്പ് വിളിച്ചുചേർത്ത എഫ്എംസിജി മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വാണിജ്യ, ചില്ലറ വ്യാപാര മേഖലയ്ക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര വാണിജ്യനയത്തിന്റെ കരടിനുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനാണ് കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ യോ​ഗം വിളിച്ചത്. കരടിലേക്ക്‌ രണ്ടാഴ്ചയ്ക്കുള്ളിൽ വാണിജ്യ മേഖലയിലുള്ളവർക്ക് കൂടുതൽ നിർദേശങ്ങൾ നൽകാം. ഇതിനായി പ്രത്യേക വാട്‌സാപ് ​ഗ്രൂപ്പ് രൂപീകരിക്കും.  മാറുന്ന കാലത്തെ വ്യാപാര ആവശ്യങ്ങൾ കണക്കിലെടുത്ത് ഈ മേഖലയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതിന് സർക്കാർ വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനുകീഴിൽ പ്രത്യേക വാണിജ്യവിഭാ​ഗം രൂപീകരിച്ചിട്ടുണ്ട്. വാണിജ്യമേഖല ഉൾപ്പെടെയുള്ള എംഎസ്എംഇക്കായി എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്, ഇൻഷുറൻസ്, സൗജന്യ കോസ്റ്റ് അക്കൗണ്ടിങ് സേവനം തുടങ്ങിയ വിവിധ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. സമ​ഗ്ര ലോജിസ്റ്റിക് നയരൂപീകരണം അവസാനഘട്ടത്തിലാണ്. വിഴിഞ്ഞത്ത് പ്രത്യേക ലോജിസ്റ്റിക് ഇടനാഴി സർക്കാരിന്റെ പരി​ഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.        വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, അഡീഷണൽ ഡയറക്ടർ കെ എസ് കൃപകുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ–-ബിപ് സിഇഒ എസ് സുരാജ് എന്നിവരും സംസാരിച്ചു.  അബോട്ട് ഇന്ത്യ, എവിടി, ​ഗോദ്റെജ് കൺസ്യൂമർ, ​ഐടിസി, മെഡിമിക്സ്, നിർമ, പോപ്പീസ് ബേബി കെയർ, യുനിബിക് ഫുഡ്സ് തുടങ്ങി 30 കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വാണിജ്യ, വ്യവസായ മേഖലയിലെ വിവിധ അസോസിയേഷനുകളുമായും ബോർ‌ഡ് പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. Read on deshabhimani.com

Related News