കോടതിയിലേക്ക് കൊണ്ടുപോകവേ തടവുപുള്ളി ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി



പാലക്കാട് > കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്. പാലത്തിന് അടുത്ത് എത്തിയപ്പോൾ ശൗചാലയത്തിൽ പോകണമെന്നു പറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പൊലീസ് അഴിച്ചുകൊടുത്തു. വാതിലിന് സമീപമെത്തി പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടികൂടി. പാലത്തിന് മുകളിൽ ട്രെയിനിന് വേഗത കുറവായിരുന്നുവെന്നത് മനസ്സിലാക്കിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പുഴയിൽ വെള്ളം കുറവായതിനാൽ പ്രതിയെ പൊലീസുകാർക്ക് പിടികൂടാനായി. പുഴയിലേക്ക് ചാടിയതിനെ തുടർന്ന് അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി Read on deshabhimani.com

Related News