ഫുഡ് പ്രോഡക്ട് ആൻഡ് അപ്പാരൽ പാർക്ക്: ഗിഗ് ജീവനക്കാർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു
കൊല്ലം > സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിൽ മൂന്നിടത്ത് ഗിഗ് ആൻഡ് ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി വിശ്രമകേന്ദ്രവും ഗിഗ് ആൻഡ് ഷോപ്‌സ് തൊഴിലാളികൾക്കായി കൊല്ലത്ത് കലക്ടറേറ്റിനു സമീപം ഫുഡ് പ്രോഡക്ട് ആൻഡ് അപ്പാരൽ പാർക്കും യാഥാർഥ്യമാകുന്നു. സംസ്ഥാന ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ആൻഡ് ഗിഗ് വർക്കേഴ്‌സ് വെൽഫയർ ഫെഡറൽ സഹകരണസംഘത്തിന്റെ (ഷോപ്‌കോസ്) നേതൃത്വത്തിലാണ് സംരംഭങ്ങൾ നടപ്പാക്കുന്നത്. വിശ്രമകേന്ദ്രങ്ങൾ (റിഫ്രഷ്‌മെന്റ് സെന്റർ) വരുന്നത് കൊല്ലം കലക്ടറേറ്റ്, കൊട്ടിയം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ്. നൂറുദിന പരിപാടികളിൽപ്പെടുത്തിയാണ് സർക്കാർ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ആൻഡ് ഗിഗ് വർക്കേഴ്‌സ് വെൽഫയർ ഫെഡറൽ സഹകരണസംഘത്തിന് സംസ്ഥാന അടിസ്ഥാനത്തിൽ അടുത്തിടെ രൂപം നൽകിയത്. ജില്ലാ ഷോപ് എംപ്ലോയീസ് സഹകരണസംഘങ്ങളിൽ അയ്യായിരത്തിലേറെ ഷോപ് തൊഴിലാളികൾ അംഗങ്ങളായുള്ളത് കൊല്ലം ജില്ലയിലാണ്. അതിനാലാണ് റിഫ്രഷ്‌മെന്റ് സെന്ററും ഫുഡ് പ്രോഡക്ട് ആൻഡ് അപ്പാരൽ പാർക്കും കൊല്ലം ജില്ലയിൽ നടപ്പാക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ജോലിചെയ്യുന്ന ഗിഗ് തൊഴിലാളികൾ നിലവിൽ ഉച്ചഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും വഴിയോരങ്ങളിലാണ്. അവർക്ക് ശുചിമുറി സൗകര്യവുമില്ല. മൊബൈൽ ഫോൺ റീചാർജ് ചെയ്യാനും വിശ്രമകേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകും. ജില്ലയിൽ ആയിരത്തിലധികം ഗിഗ് തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഫുഡ് പ്രോഡക്ട് ആൻഡ് അപ്പാരൽ പാർക്കിലെ ഉൽപ്പന്നങ്ങളുടെ വിപണനം ഓൺലൈൻ ഡെലിവറി മുഖേനയാണ്. ആവശ്യക്കാർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സാധനങ്ങൾ എത്തിച്ചുനൽകുമെന്നും ഇതിനായുള്ള ആപ്ലിക്കേഷൻ തയ്യാറാക്കുമെന്നും ഷോപ്‌കോസ് പ്രസിഡന്റ് പി സജി പറഞ്ഞു. വിപണനത്തിന് ഗിഗ് വർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ഉൽപ്പാദന യൂണിറ്റുകളിൽ 25 പേർക്കു നേരിട്ടും വിപണനത്തിലൂടെ ജില്ലയിൽ 500 പേർക്കും തൊഴിൽ ലഭിക്കും. തൊഴിൽ നഷ്ടമാകുന്ന ഷോപ് തൊഴിലാളികൾക്കായാണ് ഫുഡ് പ്രോഡക്ട് ആൻഡ് അപ്പാരൽ പാർക്ക്. ഒക്ടോബർ ആദ്യവാരം യൂണിറ്റുകളുടെ ഉദ്‌ഘാടനം നടക്കുമെന്നും പി സജി പറഞ്ഞു. Read on deshabhimani.com