ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്‌എസ് ആക്രമണം; ഗുരുതര പരിക്ക്
ചാരുംമൂട് > ആലപ്പുഴ വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം കടുവിനാൽ രാഹുൽനിവാസിൽ രാകേഷ് കൃഷ്‌ണൻ (24), പ്രവർത്തകരായ കണ്ടലശേരിൽ തെക്കതിൽ ബൈജുബാബു (21), കടുവിനാൽ കലതി തെക്കതിൽ വിഷ്‌ണു (21) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി 9.30ന് വള്ളികുന്നം പള്ളിവിള കനാൽ ജങ്ഷനിലാണ് സംഭവം. വിഷ്‌ണു ഒറ്റയ്‌ക്ക് ഒരുബൈക്കിലും പിന്നില്‍ രാകേഷും ബൈജുവും മറ്റൊരു ബൈക്കിലുമാണ് സഞ്ചരിച്ചത്. മദ്യപിച്ചിച്ചിരുന്ന ആർഎസ്എസുകാർ ബിയർകുപ്പികൊണ്ട് എറിഞ്ഞ് വിഷ്‌ണുവിനെ വീഴ്‌ത്തി. പിന്നാലെയെത്തിയ രാകേഷിനെയും ബൈജുവിനെയും തടഞ്ഞുനിർത്തി. രാകേഷിന്റെ തലയിൽ ബിയർകുപ്പികൊണ്ട് അടിച്ചു. തലയ്‌ക്ക് വെട്ടിയത് രാകേഷ് തടഞ്ഞു. ഇടതുകൈപ്പത്തി അറ്റുപോയി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുതുകിൽ കത്തികൊണ്ട് കുത്തേറ്റ ബൈജുബാബു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും വിഷ്‌ണു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വള്ളികുന്നം സ്വദേശി വട്ട് സുമിത്തെന്ന ആകാശ്, രാഹുൽ, വരുൺദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം. കരുനാഗപ്പള്ളി പാവുമ്പയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ആകാശും രാഹുലും. ഡിവൈഎഫ്ഐ നേതാവ് ഉദിത്ത് ശങ്കറിനെ ആക്രമിച്ചതും ഇവര്‍തന്നെയാണ്. Read on deshabhimani.com