ഗാന്ധിജിയെ സാക്ഷിയാക്കി സുധാകര സമരത്തിന് ആര്‍എസ്എസ് പിന്തുണ



കണ്ണൂര്‍ > കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് അഭിവാദ്യവുമായി ആര്‍എസ്എസ് നേതാവ് സമരപ്പന്തലില്‍. ആര്‍എസ്എസ് സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരിയാണ് ബുധനാഴ്ച കലക്ടറേറ്റ് പരിസരത്തെ സമരപ്പന്തലില്‍ ഗാന്ധിജിയുടെ ചിത്രത്തെ സാക്ഷിയാക്കി സുധാകരന് പിന്തുണ പ്രഖ്യാപിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് ആരംഭിച്ച സത്യഗ്രഹം ഏതുവഴിക്കാണ് നീങ്ങുന്നതെന്നതിന്റെ കൃത്യമായ ചിത്രം അനാവരണം ചെയ്യുകയാണ് ഈ സന്ദര്‍ശനം. ഷുഹൈബ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത് കണ്ണൂരില്‍ ചുവപ്പുഭീകരതയെന്നാണ്. കണ്ണൂരില്‍ ചുവപ്പുഭീകരതയെന്ന് രാജ്യമാകെ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നത് ആര്‍എസ്എസ്സും സംഘപരിവാറുമാണ്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ ജാഥ നയിച്ചതും ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ഗോപാലന്‍ ഭവനിലേക്ക് ആര്‍എസ്എസ് തുടര്‍ച്ചയായി മാര്‍ച്ച് നടത്തിയതും ഈ നുണ ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഈ മുദ്രാവാക്യം കോണ്‍ഗ്രസ് കടംകൊള്ളുമ്പോള്‍ കോണ്‍ഗ്രസും ഗാന്ധിഘാതകരായ ആര്‍എസ്എസ്സും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് തെളിയുന്നു. ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിക്കുന്നതായി വത്സന്‍ തില്ലങ്കേരിയും സുധാകരനും തമ്മിലുള്ള കൂടിക്കാഴ്ച. യഥാര്‍ഥത്തില്‍ കെ സുധാകരന്‍ ആര്‍എസ്എസ്സിന്റെ മാനസപുത്രനാണെന്നത് രാഷ്ട്രീയ എതിരാളികളുടെ ആരോപണമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സുധാകരന്‍ തന്നെ ഒരു വെബ് പോര്‍ട്ടലിനോടു തുറന്നു സമ്മതിച്ചതാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും തനിക്ക് ആര്‍എസ്എസ് വോട്ട് ലഭിച്ചിട്ടുണ്ടെന്നും തലശേരിയില്‍ ആര്‍എസ്എസ് ഓഫീസ് പണിയാന്‍ സാമ്പത്തികസഹായം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ ഏറ്റുപറഞ്ഞത് വന്‍ വിവാദമായി. സിപിഐ എം വിരുദ്ധത ആളിക്കത്തിച്ച് വീണ്ടും ഒരേ കളത്തില്‍ കളിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. Read on deshabhimani.com

Related News