‘യമുന’യിൽ സന്തോഷത്തിന്റെ ഓളങ്ങൾ; ആശാൻ പുരസ്‌കാര നിറവിൽ കവി എസ് രമേശൻ
കൊച്ചി > ജീവിതത്തിന്റെ ആകുലതകളിൽനിന്ന് മാറിനിൽക്കാൻവേണ്ടി എഴുതിയ കവിതകൾ വാർധക്യകാല ജീവിതത്തിൽ സന്തോഷം നിറയ്‌ക്കുകയാണെന്ന് ആശാൻ പുരസ്‌കാരം നേടിയ കവി എസ് രമേശൻ. കലുഷിതമായ എഴുപതുകളിൽ പ്രത്യാശ നൽകിയ പുരോഗമന പ്രസ്ഥാനങ്ങളാണ് നിരാശകളിൽ പിന്തുണയായത്. പുരസ്‌കാരം അതീവ സന്തോഷം നൽകുന്നുവെന്നും പച്ചാളത്തെ വസതിയായ ‘യമുന’യിലിരുന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം 10ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളിൽനിന്ന് ഏറ്റുവാങ്ങും. വൈക്കം സ്വദേശിയായ എസ് രമേശന് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പുരസ്‌കാരം ലഭിക്കുന്നത്; അതും വൈലോപ്പിള്ളിയിൽനിന്ന്. കുട്ടിക്കവിതയ്‌ക്ക് ലഭിച്ച ആദ്യ സമ്മാനം ഒരു പേന. ആ പേനത്തുമ്പിലാരംഭിച്ച സാഹിത്യയാത്ര ഇന്ന് ആശാൻ പ്രൈസിൽ എത്തിനിൽക്കുന്നു. മഹാരാജാസിൽ പഠിക്കാനായാണ് രമേശൻ കൊച്ചിയിൽ എത്തുന്നത്. വൈക്കവും കൊച്ചിയും കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. പി കൃഷ്‌ണപിള്ളയെ പോലെയുള്ള നേതാക്കളുടെ ചരിത്രം അറിഞ്ഞു വളർന്നതിനാൽ പുരോഗമന കലാപ്രസ്ഥാനത്തിനൊപ്പമായിരുന്നു എക്കാലവും കൂട്ട്. മഹാരാജാസ് കോളേജിലെ ആദ്യ എസ്‌എഫ്‌ഐ ചെയർമാനായിരുന്നു. എട്ടുവർഷം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി. ഇപ്പോൾ ഉപാധ്യക്ഷൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ, ഗ്രന്ഥശാലാ സംഘം സംസ്ഥാന നിർവാഹകസമിതി അംഗം, എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരായിരുന്നു. ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കറുത്ത വവ്വാലുകൾ, ഹേമന്തത്തിലെ പക്ഷി തുടങ്ങി ഒമ്പതു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറുകൃതികളുടെ എഡിറ്ററായും പ്രവർത്തിച്ചു. ഭാര്യ: ഡോ. ടി പി ലീല. മക്കൾ: സൗമ്യ, സന്ധ്യ. Read on deshabhimani.com