ശബരിപാത വൈകിപ്പിക്കുന്നത് കേന്ദ്രം



തിരുവനന്തപുരം എരുമേലി മുതൽ അങ്കമാലി വരെയുള്ള ശബരി റെയിൽപാതയ്ക്ക് തടസ്സം നിൽക്കുന്നത് കേന്ദ്രസർക്കാർ. നിർമാണ ചെലവിന്റെ പകുതി തുകയായ 1905 കോടി രൂപ സംസ്ഥാനം വഹിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ആവശ്യം. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ ഇത്രയും വലിയ തുക സംസ്ഥാനത്തിന് കണ്ടെത്താനാകില്ല. കടമെടുപ്പ് പരിധിയിൽ നിന്നും പദ്ധതിയെ ഒഴിവാക്കാനും കേന്ദ്രസർക്കാർ തയ്യാറല്ല. നിലവിൽ പദ്ധതി റെയിൽവേ മരിവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിലും പാതയ്‌ക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തീരുമാനിച്ചിരുന്നു. 1997-–-98 വർഷത്തെ റെയിൽവേ ബജറ്റിലാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി- എരുമേലി ശബരി റെയിൽപദ്ധതി പ്രഖ്യാപിച്ചത്. അന്ന് 550 കോടി രൂപയായിരുന്നു ചെലവ്. കേന്ദ്രത്തിന്റെ പ്രഗതി പദ്ധതിയുടെ ഭാഗമായി പൂർണ ചെലവും റയിൽവേ വഹിക്കുമെന്നായിരുന്നു വാഗ്‌ദാനം. അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി നിർത്തിവച്ചു. പുനരുജീവിപ്പിക്കാനായി 50 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്നായി കേന്ദ്രം. ഇതിനും സംസ്ഥാനം അനുകൂലമായിട്ടും പദ്ധതി നിർത്തിവെക്കാനായിരുന്നു റെയിൽവേയുടെ നിർദേശം. പിന്നീട്  റെയിൽവേ ബോർഡ് നിർദേശ പ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാനം സമർപ്പിച്ചു. എസ്റ്റിമേറ്റ് തുകയിൽ 36 ശതമാനം വർധനയുണ്ടായത്. ഈ തുകയായ 3811 കോടി രൂപയുടെ 50 ശതമാനം ചെലവ് സംസ്ഥാനം പങ്കിടണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്.  കേന്ദ്രം വരുത്തിയ കാലതാമസം കൊണ്ട് അധികബാധ്യത  സംസ്ഥാനം വഹിക്കണമെന്നത് അന്യായമാണ്. സംസ്ഥാനം തുക വഹിക്കാൻ തയ്യാറായാലും ലാഭവിഹിതം പങ്കിടുമോ എന്ന കാര്യം റെയിൽവേയും വ്യക്തമാക്കിയിട്ടില്ല.   Read on deshabhimani.com

Related News