ശബരിപാതയ്‌ക്ക്‌ 3811 കോടി , പമ്പയ്‌ക്ക്‌ 10,000 കോടി ; നിർമാണച്ചെലവ്‌ മൂന്നിരട്ടി



തിരുവനന്തപുരം ചെങ്ങന്നൂർ–- പമ്പ റെയിൽപ്പാതയ്‌ക്ക്‌ അങ്കമാലി–-എരുമേലി പാതയേക്കാൾ പ്രാഥമികഘട്ടത്തിൽ നിർമാണച്ചെലവ്‌ മൂന്നിരട്ടി. 75 കിലോമീറ്റർ പാതയാണ്‌ വിഭാവനം ചെയ്യുന്നത്‌. 10,000 കോടിയാണ്‌ നിർമാണച്ചെലവ്‌. ആകാശപ്പാതയായാണ്‌ നിർമാണം. ഇതാണ്‌ ചെലവ്‌ കൂടാൻ കാരണം. സാധാരണ റെയിൽപ്പാത നിർമിക്കാൻ കിലോമീറ്ററിന്‌ 25 കോടിയും ആകാശപ്പാതയ്‌ക്ക്‌ 100 കോടിയും വരും. വനത്തിലൂടെ കടന്നുപോകുന്ന 19 കിലോമീറ്റർ ടണൽവഴിയായിരിക്കും. ഇതിനും ചെലവ്‌ കൂടും. തുരങ്കപാതയ്‌ക്ക്‌ കിലോമീറ്ററിന്‌ ശരാശരി 300 കോടി വരെ ചെലവാണ്‌ പ്രതീക്ഷിക്കുന്നത്‌. കേന്ദ്രത്തിന്റെ റെയിൽ നയപ്രകാരം മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പോകാൻ കഴിയുന്നവിധത്തിൽ പാളം നിർമിക്കണം. 1997–--98ലെ റെയിൽ ബജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി -–-ശബരി പാതയ്‌ക്ക്‌ അന്നത്തെ നിർമാണച്ചെലവ്‌ 2815 കോടിയായിരുന്നു. കെ –-റെയിൽ തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വർധന. ഇതിന്റെ പകുതി തുക വഹിക്കാനാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്‌. 1905 കോടി വഹിക്കാമെന്നും കിഫ്‌ബി വഴി നൽകുന്ന സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തരുതെന്നുമാണ്‌ കേരളത്തിന്റെ ആവശ്യം. ഇതിനോട്‌ കേന്ദ്രം പ്രതികരിച്ചില്ല. കാൽനൂറ്റാണ്ടുമുമ്പ്‌ കേന്ദ്ര സർക്കാർ അംഗീകരിക്കുകയും നിർമാണം ആരംഭിക്കുകയുംചെയ്‌ത പദ്ധതിയാണിത്‌. 70 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. സർവേയിൽപ്പെട്ട ഭൂമിയിൽ ഒരുവിധത്തിലുള്ള നിർമാണപ്രവർത്തനവും നടത്താനാകുന്നില്ല. ഇത്‌ ജനങ്ങളെയും പ്രയാസത്തിലാക്കിയിരിക്കുകയാണ്‌. സംസ്ഥാനത്തെ റെയിൽവെയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവിനെ കാണും. ശബരി പദ്ധതിക്കുവേണ്ടി നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന്‌ മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തും. Read on deshabhimani.com

Related News