ശബരിപാത ; ത്രികക്ഷി കരാർ സാധ്യത തേടി കേരളം ; കെ റെയിലിനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം അങ്കമാലി –-എരുമേലി ശബരിപാതയ്‌ക്കായി സംസ്ഥാന സർക്കാർ ത്രികക്ഷി കരാർ സാധ്യത ആലോചിക്കുന്നു. കരാർ തയ്യാറാക്കാൻ ഗതാഗതവകുപ്പ് സെക്രട്ടറി കെ റെയിലിനെ ചുമതലപ്പെടുത്തി. ഇടുക്കി ജില്ലയുടെയും എറണാകുളം, കോട്ടയം ജില്ലകളുടെ മലയോരമേഖലകളുടെയും വികസനത്തിനും യാത്രാപ്രയാസം പരിഹരിക്കുന്നതിനും വിഭാവനം ചെയ്യുന്നതാണ് നിർദിഷ്‌ട ശബരി പാത. 3810 കോടി രൂപയാണ് നിർമാണചെലവ്. ഇതിന്റെ പകുതിയായ 1905 കോടി രൂപ സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ത്രികക്ഷി കരാർ പ്രകാരം 60 ദിവസത്തിനകം ആവശ്യപ്പെട്ട തുക സംസ്ഥാനം നൽകിയില്ലെങ്കിൽ റിസർവ് ബാങ്ക് അത്രയും തുക കേരളത്തിന്റെ അക്കൗണ്ടിൽനിന്ന് എടുത്ത് കേന്ദ്രത്തിന് നൽകും. 2021 ൽ മന്ത്രിസഭ പദ്ധതി നടപ്പാക്കുമ്പോൾ വരുന്ന ചെലവിന്റെ പകുതി നൽകാൻ തീരുമാനിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്ത് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദറഹിമാനും കേന്ദ്രമന്ത്രിയെ നേരിൽ കണ്ടും ഇക്കാര്യം അറിയിച്ചു. മുമ്പ് പദ്ധതിക്ക് 2815 കോടി രൂപയായിരുന്നെങ്കിൽ 2023 ൽ അത് 3810.69 കോടി രൂപയായി. കെ റെയിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് കേന്ദ്രവും റെയിൽവേയും അംഗീകരിക്കുകയും ചെയ്‌തു. ആ ഘട്ടത്തിലും പദ്ധതിയുടെ പകുതി വഹിക്കാമെന്ന് കേരളം വ്യക്തമാക്കിയതാണ്. 2024 ആഗസ്‌ത് 29 ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് വീണ്ടും കത്തെഴുതി. ഇതിൽ കിഫ്‌ബി വഴി ഇതിനായി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസം കഴിഞ്ഞിട്ടും അതിന് കേന്ദ്രമോ, റെയിൽവേ ബോർഡോ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് കേരളം പുതിയ വഴി തേടുന്നത്. പദ്ധതികൾ നടപ്പാക്കാതിരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്ര സർക്കാൾ ഇത്തരത്തിൽ ത്രികക്ഷി കരാർ ഉണ്ടാക്കിയിരുന്നു. ഇത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് നൽകിയിരിക്കയാണ്. Read on deshabhimani.com