ശബരിമല മാസ്റ്റർ പ്ലാൻ: നിലയ്‌ക്കലിൽ നടപ്പാത

നിലയ്ക്കലിൽ നിർമിക്കാനിരിക്കുന്ന നടപ്പാതയുടെ രൂപരേഖ


പത്തനംതിട്ട > ശബരിമല ഇടത്താവളമായ നിലയ്‌ക്കലിൽ ഇരു ക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത (കോൺകോസ്‌ ) വരുന്നു. ശബരിമല മാസ്റ്റർ പ്ലാനിൽ സംസ്ഥാന സർക്കാർ കോടികൾ മാറ്റിവെച്ച്‌ ഒമ്പതേക്കറിലെ വികസനമാണ്‌ നടത്തുന്നത്‌. നിലയ്‌ക്കലിൽ ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺകോസും അനുബന്ധ നിർമാണങ്ങളുമാണ്‌ പദ്ധതിയുടെ ഭാഗമായുള്ളത്‌. നിലയ്‌ക്കൽ മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ്‌ ഭഗവതി ക്ഷേത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ്‌ നിലയ്‌ക്കൽ കോൺകോസ്‌. പദ്ധതിയ്‌ക്ക്‌ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. മാസ്റ്റർ പ്ലാനും തയാറായ പദ്ധതി ടെൻഡർ നടപടികളിലേയ്‌ക്ക്‌ കടന്നിരിക്കുന്നു.   ഇരു ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക രീതിലുള്ള നടപ്പാതയാണ്‌ നിർമിക്കുക. 450 മീറ്റർ നീളത്തിൽ 50 മീറ്റർ വീതിയിൽ നിർമിക്കുന്ന നടപ്പാതയിൽ കൃഷ്‌ണശില പാകും. പാത കടന്ന്‌ പോകുന്ന വഴിയിൽ അരുവി മുറിച്ച്‌ കടക്കാനായി നടപ്പാലം നിർമാണവും പദ്ധതിയിലുണ്ട്‌. കൂടാതെ പാതയിൽ ഉടനീളം പൊലീസ്‌ എയ്‌ഡ്‌ പോസ്റ്റ്‌, മെഡിക്കൽ സെന്ററുകൾ, കുടിവെള്ള സംവിധാനം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി കിയോസ്‌കുകളും കോൺകോസിലുണ്ടാകും.     തീർഥാടകർക്ക്‌ വിശ്രമിക്കാൻ മേൽക്കൂരയോട്‌ കൂടിയ വിശാലമായ നിരവധി വിശ്രമ പന്തലുകളും അടങ്ങുന്നതാണ്‌ നിർമാണം. ഭക്ഷണം വിതരണം ചെയ്യാൻ ഒന്നിലധികം ചെറിയ അന്നദാന മണ്ഡപങ്ങളുമുണ്ട്‌. ഭക്ഷണം വിതരണം ചെയ്യാനുള്ള സൗകര്യം മാത്രമാണ്‌ ഇവിടെ ഒരുക്കുക. നടപ്പാത കടന്ന്‌ പോകുന്ന പ്രദേശമാകെ മനോഹരമാക്കും.    കടവുകൾ ഉടൻ വൃത്തിയാകും മണ്ഡല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന കടവുകളാകെ ഉടൻ വൃത്തിയാക്കും. എല്ലാ തവണയും നടപ്പിലാക്കുന്ന തരത്തിൽ ഇത്തവണയും മണ്ഡലകാലം ആരംഭിക്കും മുമ്പ്‌ തന്നെ കടവുകൾ വൃത്തിയാക്കും. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. റാന്നി ഡിവിഷനിൽ 24 ലക്ഷത്തിന്റെയും പത്തനംതിട്ട ഡിവിഷനിൽ 2.5 ലക്ഷത്തിന്റെയും പ്രവൃത്തിയാണ്‌ നടക്കുക. ജില്ലയിൽ ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന 30ലധികം കടവുകളാണ്‌ നന്നാക്കുന്നത്‌. കടവുകളിൽ സുരക്ഷ മുൻ നിർത്തി ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കും. പമ്പ ത്രിവേണിയും തീർഥാടകർക്കായി പൂർണമായി സജ്ജമാക്കും. കടവുകളിൽ മാത്രം ഇറങ്ങാവുന്ന തരത്തിൽ നീളത്തിൽ ബാരിക്കേഡ്‌ സ്ഥാപിക്കും. ഇവയെല്ലാം വരും ദിവസങ്ങളിൽ പൂർത്തിയാക്കും. Read on deshabhimani.com

Related News