ശബരിമല മാസ്‌റ്റർ പ്ലാനും യാഥാർഥ്യമാകുന്നു ; മേൽപ്പാലം നിർമാണത്തിന് താൽപ്പര്യപത്രം ക്ഷണിച്ചു
ശബരിമല ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ യാഥാർഥ്യമാവുന്നു. മാസ്‌റ്റർ പ്ലാനിലെ പദ്ധതിയായ മാളികപ്പുറത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്കുള്ള മേൽപ്പാലം നിർമാണത്തിന് സംസ്ഥാന സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു. ഇതോടൊപ്പം പമ്പ–-ഗണപതി കോവിൽ പാലത്തിന്റെ പദ്ധതി രേഖ തയ്യാറാക്കി പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. അനുമതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ മന്ത്രാലയത്തെ സമീപിക്കും. മാസ്‌റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു വനം –-ദേവസ്വം വകുപ്പുകൾ തമ്മിലുള്ള അതിർത്തി തർക്കം. ഇത് മന്ത്രിതല ചർച്ചയിൽ പരിഹരിച്ചിരുന്നു. 2006 ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ശബരിമലയുടെ 2050 വരെയുള്ള സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിക്കുന്നത്. 2007ൽ സംസ്ഥാന സർക്കാർ പദ്ധതി അംഗീകരിച്ചു. 2010 മുതൽ ബജറ്റ് വിഹിതം അനുവദിച്ച് തുടങ്ങി. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതി മുടങ്ങി. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിക്ക് പുതുജീവൻവച്ചു. ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ടിനായി 142 കോടി രൂപ 2016–-17ലെ ബജറ്റിൽ വകയിരുത്തി. 2023–-24 ബജറ്റിലും സർക്കാർ 30 കോടി രൂപ അനുവദിച്ചു. എന്നാൽ പെരിയാർ കടുവസങ്കേതത്തിൽ ഉൾപ്പെട്ട വനക്ഷേത്രമായതിനാൽ കേന്ദ്ര നിയമങ്ങളും നിബന്ധനകളും പലപ്പോഴും തടസ്സമായി. ശബരിമലയ്‌ക്ക് പ്രത്യേക പ്രാധാന്യം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായതുമില്ല. പമ്പയിലെയും മാളികപ്പുറത്തെയും പാലങ്ങൾ കൂടാതെ പ്രസാദ മണ്ഡപം, തന്ത്രി-മേൽശാന്തി മഠങ്ങൾ, തിരുമുറ്റ വികസനം, സന്നിധാനത്തെ അന്നദാന മണ്ഡപം, തീർഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം ഒരുക്കൽ, നിലയ്ക്കൽ ബേസ് ക്യാമ്പിൽ സുരക്ഷാ ഇടനാഴി, പിൽഗ്രിം സെന്റർ നിർമാണം തുടങ്ങിയ പദ്ധതികളും യാഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. Read on deshabhimani.com