ശബരിമലയിൽ തീർഥാടക തിരക്ക്; അഞ്ച്‌ ദിവസത്തിൽ അഞ്ച്‌ കോടിയുടെ വരുമാന വർധന



ശബരിമല > ശബരിമലയിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വൻവർധന. മണ്ഡലകാലം ആരംഭിച്ച് അഞ്ച്‌ ദിവസം പിന്നിടുമ്പോൾ  കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്‌. തീർഥാടകരുടെ എണ്ണത്തിലും ​ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം തീർഥാടകരാണ്‌ ഈ സീസണിൽ ശബരിമലയിൽ എത്തിയത്‌. വൃശ്ചികം ഒന്ന് മുതൽ അഞ്ച്‌ ദിവസത്തിൽ 3,17,923 പേര്‍  ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് രണ്ട്‌ ലക്ഷത്തോളമായിരുന്നു. തിരക്ക് തുടരുമ്പോഴും തീർഥാടകർക്ക് സു​ഗമമായി ദർശനം നടത്താനാകുന്നത് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും വിജയമാണ്. ദിവസം 18 മണിക്കൂറാണ് ദർശന സമയം. വെർച്യുൽ ക്യു വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും നേട്ടമായി. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 80 തീർഥാടകരെയാണ് കയറ്റി വിടുന്നത്.  ഒരേ സമയം 15 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. 15 മിനിറ്റ് ജോലി അര മണിക്കൂർ വിശ്രമം എന്ന തരത്തിൽ പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. നടപ്പന്തലിലും ഏറെ നേരം കാത്ത് നിൽക്കേണ്ടിവരുന്നില്ല. പാർക്കിങ്, കുടിവെള്ള, വിശ്രമ സംവിധാനങ്ങൾ എല്ലാം മികച്ച രീതിയിൽ ക്രമീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. Read on deshabhimani.com

Related News