ശബരിമല തീർഥാടകർക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
തിരുവനന്തപുരം > സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സഹായകമാകും വിധം അഞ്ചു ഭാഷകളിൽ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്. തീർഥാടന വിനോദ സഞ്ചാരത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഇതിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മൈക്രോസൈറ്റ് കേരളത്തിന്റെ ആകെ പ്രതീകമാണ്. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും അറിയാൻ ശ്രമിക്കുന്നവർക്ക് ഇത് മുതൽക്കൂട്ടാകും. തീർഥാടനം, ഗതാഗത, താമസ സൗകര്യങ്ങൾ തുടങ്ങി ശബരിമല തീർഥാടകർക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീർഥാടകർക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും. പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമല തീർഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ നന്ദിയും പറഞ്ഞു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ഹ്രസ്വചിത്രവും ഫോട്ടോ ഗാലറിയും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷർ തീർഥാടകർക്കുള്ള സമഗ്രവും വിശദവുമായ വെർച്വൽ യാത്രാ ഗൈഡാണ്. ഇതിൽ ശബരിമലയുടെ ചരിത്രവും പ്രാധാന്യവും ചടങ്ങുകളുമെല്ലാം വിശദമാക്കുന്നു. ഇ-ബ്രോഷർ ആയതിനാൽ ഇത് സ്മാർട്ട് ഫോൺ വഴി മറ്റുള്ളവർക്ക് അയക്കാനും യാത്രക്കിടയിൽ വിവരങ്ങൾ സൗകര്യപൂർവ്വും നോക്കാനുമാകും. ശബരിമല ദർശനത്തിനു ശേഷം സന്ദർശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാർഗങ്ങളും കേരള ടൂറിസം വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകൾ, ഗതാഗത സൗകര്യം, ആരാധനാലയങ്ങൾക്കു സമീപമുള്ള താമസസൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ഭക്തർക്ക് സമഗ്രവും ആകർഷകവുമായ തീർഥാടനം ഉറപ്പാക്കും. ശബരിമല ദർശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ, സാംസ്‌കാരിക സ്ഥിതിവിവരക്കണക്കുകൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ എന്നിവ മൈക്രോസൈറ്റിൽ ഉൾക്കൊള്ളുന്നു. Read on deshabhimani.com