ശബരിമലയിൽ എത്രപേർ എത്തിയാലും സുഗമ ദർശനം ഉറപ്പ്: പി എസ് പ്രശാന്ത്
ശബരിമല> മണ്ഡലകാല തീർഥാടനത്തിന് ശബരിമലയിലെത്തി മടങ്ങുന്നവരിൽനിന്ന് ദർശനവും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് സംതൃപ്ത പ്രതികരണമാണ് ലഭിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രപേർ എത്തിയാലും സുഗമമായി ദർശനം നടത്താനുള്ള തത്സമയ ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാൾക്കുപോലും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല. ദേവസ്വം ബോർഡിന്റെയും ഇരുപതിലേറെ സർക്കാർ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. പാർക്കിങ്, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകൾ എടുക്കാനായത് നേട്ടമായി. ദർശനസമയം കൂട്ടിയതും പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവർക്ക് കൂടുതൽ സൗകര്യമൊരുക്കിയതും കാരണം മിനിറ്റിൽ ശരാശരി 85 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. പമ്പയിൽ ഒരുക്കിയ ജർമൻ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീർഥാടകർക്ക് ആശ്വാസമാണ്. വൃശ്ചികം ഒന്നായപ്പോഴേക്കും അരവണയുടെ കരുതൽ ശേഖരം 10 ലക്ഷത്തിലെത്തി. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും മൂന്ന് നേരവും അന്നദാനം നൽകുന്നുണ്ട്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിർദേശം തീർഥാടകർ പാലിക്കണമെന്നും പമ്പയിൽ വസ്‌ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com