ശബരിമല പാതകളുടെ നവീകരണത്തിന് കലണ്ടര്‍ തയ്യാറാക്കും: മന്ത്രി മുഹമ്മദ് റിയാസ്



പത്തനംതിട്ട > ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും  പ്രത്യേക വർക്കിങ്   കലണ്ടർ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീർഥാടനത്തിരക്കിനു ശേഷം ജനുവരി മുതൽ റോ‍ഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി   നടത്താൻ  ഇത് സഹായിക്കും.  മണ്ണാറക്കുളഞ്ഞി- –-ചാലക്കയം പാതയുടെ നവീകരണം 13 ദിവസത്തിനകം പൂർത്തിയാക്കും. കലക്‌ടറുടെയും പൊതുമരാമത്ത് ഉദ്യോ​ഗസ്ഥരുടെയും സാന്നിധ്യത്തിൽ ദിവസവും അവലോകനം  നടത്തും.  ശബരിമലയിലേക്കുള്ള എല്ലാ പൊതുമരാമത്ത് പാതയും 12നകം ​ഗതാ​ഗത യോ​ഗ്യമാക്കും. തിരുവാഭരണ പാതയും അതിവേ​ഗം നവീകരിക്കും. ശബരിമലപാതകളുടെ നിർമാണം വിലയിരുത്താനും കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ നവീകരണം ചർച്ച ചെയ്യാനും കലക്‌ടറേറ്റിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെ  യോ​ഗത്തിൽ  ഇടുക്കി, കോട്ടയം ജില്ലകളിലെ കലക്ടർമാരും പങ്കെടുത്തു. പുനലൂർ- മൂവാറ്റുപുഴ റോഡ്  നിർമാണം കെഎസ്ടിപിയിൽ ഉൾപ്പെടുത്തി അതിവേ​​ഗത്തിലാക്കും. പുനലൂർ കോന്നി  റീച്ചിന്റെയും പ്ലാച്ചേരി റോഡിന്റെയും നിർമാണം ഉടൻ പൂർത്തിയാക്കും. അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ്  റോഡുകളുടെ തകർച്ചയ്‌ക്ക്‌ പ്രധാന കാരണം. എല്ലാ റോ‍ഡുകളുടെയും വശങ്ങളിലെ കാടും  കാഴ്ച മറയ്ക്കുന്ന  തടസ്സങ്ങളും നീക്കും. ഉയർന്ന സാങ്കേതികവിദ്യ ഉപയോ​ഗിച്ച് റോഡുകൾ നവീകരിക്കുന്നതിന്  റിപ്പോർട്ട് നൽകാൻ വിദ​ഗ്ധസമിതിയെ നിയോ​ഗിച്ചിട്ടുണ്ട്.  റിപ്പോർട്ട് ഈ മാസം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ  മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി,  ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. കെ യു ജെനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ, സെബാസ്‌റ്റ്യൻ കുളത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.                              Read on deshabhimani.com

Related News