റോപ്‌വേ നിർമാണം ഉടൻ തുടങ്ങും; തെളിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തി
തിരുവനന്തപുരം തീർഥാടകർക്കടക്കം സൗകര്യമൊരുക്കാൻ കഴിയുന്ന ശബരിമല റോപ്‌വേ നിർമാണം ഈ തീർഥാടനകാലത്ത് ആരംഭിക്കുന്നതോടെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമാകുന്നത് മറ്റൊരു ബൃഹദ് പദ്ധതി. വനഭൂമിക്ക് പകരം കൊല്ലത്ത് 4.537 ഹെക്ടർ റവന്യുഭൂമി കൈമാറിയതോടെ ഇതുസംബന്ധിച്ച കേന്ദ്രതടസവും നീങ്ങി. 17 വർഷം ഫയലിൽ ഉറങ്ങിക്കിടന്ന പദ്ധതി നടപ്പാക്കാനുള്ള പലവിധ തടസങ്ങൾ നീക്കാൻ പ്രത്യേക താൽപര്യമെടുത്താണ് ദേവസ്വംമന്ത്രി വി എൻ വാസവൻ ഇടപെട്ടത്. ശബരിമല സന്നിധാനം സന്ദർശിക്കവേ മനുഷ്യർ തന്നെ മനുഷ്യരെ ചുമക്കുന്ന ‘ഡോളി’ സംവിധാനം കണ്ടപ്പോഴാണ് ഇതിനു പരിഹാരം കാണാൻ ആലോചിച്ചതെന്ന് മന്ത്രി പറഞ്ഞു. 17 വർഷം മുമ്പ് വിഭാവനംചെയ്‌ത റോപ്‌വേ പദ്ധതി നടക്കാതെ പോയത് പകരം നൽകുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾമൂലമാണ്. ഇതിന് പരിഹാരമാകുന്നതോടെ പ്രായമായവരും രോഗികളുമായ പതിനായിരങ്ങൾക്ക് അനായാസം സന്നിധാനത്തെത്താം. സാധനങ്ങൾ മുകളിലേക്ക് എത്തിക്കാനായി ഓടുന്ന നൂറുകണക്കിന് ട്രാക്ടറുകൾ ഉണ്ടാക്കുന്ന മലിനീകരണവും ഒഴിവാക്കാം. റവന്യുമന്ത്രി കെ രാജൻ, വനംമന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുമായി ചേർന്ന് വിവിധ തലങ്ങളിൽ യോഗം ചേർന്ന് എങ്ങനെ തടസങ്ങൾ നീക്കാമെന്ന് ചർച്ചചെയ്‌തു. പകരം ഭൂമിയെന്നത് മാത്രമാണ് കേന്ദ്രാനുമതിക്ക് വേണ്ടത്. ചിന്നക്കനാലിലെയും കഞ്ഞിക്കുഴിയിലെയും ഭൂമിയാണ് ആദ്യം ആലോചിച്ചതെങ്കിൽ അതിൽ പല നൂലാമാലകൾ വന്നു. തുടർന്നാണ് കൊല്ലം ജില്ലയിലെ റവന്യുഭൂമി കണ്ടെത്തിയത്. വനഭൂമിക്ക് പകരം റവന്യുഭൂമി : ഉത്തരവ് കൈമാറി ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി കൈമാറാനുള്ള സർക്കാർ ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ രാജൻ വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് കൈമാറിയത്. റവന്യൂ മന്ത്രിയുടെ ചേംബറിൽ നടന്ന ചങ്ങിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, കൃഷി മന്ത്രി പി പ്രസാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരും പങ്കെടുത്തു. ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായാണ് ഭൂമി കൈമാറ്റം. കൊല്ലം പുനലൂരിലെ കുളത്തൂപ്പുഴ വില്ലേജിലെ 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്. മൂന്ന് വകുപ്പുകളുടെയും സഹകരണത്തോടെയുള്ള നടപടി ശബരിമലയിലെ തീർഥാടന സൗകര്യം വർധിപ്പിക്കുന്നതിനും ശബരിമലയിലേക്കുള്ള ചരക്കുഗതാഗതവും യാത്രാസൗകര്യവും സുഗമമാക്കുന്നതിനും സഹായകമാകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വകുപ്പുകളുടെ വേഗത്തിലുള്ള ഇടപെടൽ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കിയെന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഭൂമി കൈമാറ്റം നടപടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാരെ റവന്യൂ മന്ത്രി അഭിനന്ദിച്ചു. Read on deshabhimani.com