തീർഥാടകരുടെ എണ്ണത്തിൽ 
ലക്ഷത്തിലധികം വർധന ; 5 ദിവസത്തിൽ മൂന്നര ലക്ഷം പേരെത്തി

ശബരിമലയിൽ ബുധനാഴ്‌ച അനുഭവപ്പെട്ട തീർഥാടക തിരക്ക്‌


ശബരിമല മണ്ഡകാലം ആരംഭിച്ചത്‌ മുതൽ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌. വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോൾ 3,17,923 പേർ ദർശനം നടത്തി. തീർഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച്‌ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്‌. കഴിഞ്ഞ വർഷം നട തുറന്ന ആദ്യ ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണയത്‌ 30,687 ആയി ഉയർന്നു. വൃശ്‌ചികം ഒന്നിന്‌ 72,656 പേരും രണ്ടിന്‌ 67,272 പേരും മൂന്നിന്‌ 75,959 പേരും നാലിന്‌ 64,489 പേരും ബുധൻ പകൽ രണ്ട്‌ വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരാണ്‌ ഈ മണ്ഡലകാലത്ത്‌ എത്തിയത്‌. ഇതിൽ പത്ത്‌ ശതമാനത്തോളം മാത്രമാണ്‌ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെ എത്തിയത്‌. തീർഥാടകരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച്‌ വർധിച്ചെങ്കിലും വെർച്വൽ ക്യൂ കാര്യക്ഷമമായതും നട തുറന്നിരിക്കുന്ന സമയം രണ്ട്‌ മണിക്കൂർ ദീർഘിപ്പിച്ചതും പതിനെട്ടാം പടി കയറ്റുന്നതിലെ വേഗവും തിരക്ക്‌ ഒഴിവാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ
 കർശനപരിശോധന സന്നിധാനത്ത് വിൽപ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്ക്‌ അയച്ചു. സന്നിധാനത്തെ ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ, അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ  പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട  പരാതികൾ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. നമ്പർ: 18004256330. വിശുദ്ധിസേന അംഗങ്ങൾക്ക് 
പ്രതിരോധ മരുന്ന് നൽകി മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ നിലയ്ക്കൽ ബേസ് ക്യാമ്പിൽ ശുചികരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിശുദ്ധിസേന അംഗങ്ങൾക്ക്  പ്രതിരോധമരുന്ന് വിതരണംചെയ്തു. ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ മരുന്നുവിതരണംചെയ്തു. ചടങ്ങിൽ ഡ്യൂട്ടി മജിസ്ട്രേറ്റ്  ജി ശ്രീകുമാർ, എക്സി. മജിസ്ട്രേറ്റ് ദേവരാജൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രതീഷ് എന്നിവർ പങ്കെടുത്തു. ശബരിമലയിൽ നേരിയ മഴ ഇടവിട്ട് പെയ്യുന്ന നേരിയ മഴയെ അവഗണിച്ച് സന്നിധാനത്തേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. ബുധനാഴ്ച പുലർച്ചെ മുതൽ ശബരിമലയിലും പരിസരപ്രദേശങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു. നട തുറന്ന് ഒരാഴ്ച പിന്നിടുന്ന ബുധനാഴ്ച വരെ മൂന്നര ലക്ഷത്തിലധികം തീർഥാടകർ ദർശനത്തിനെത്തി. Read on deshabhimani.com

Related News