സഭാ ടിവിയുടെ പുതിയ ചാനൽ; സഭാ ടിവി എക്‌സ്‌‌ക്ലൂസീവിന് തുടക്കം

സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം > സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്‌സ്‌‌ക്ലൂസീവിന് തുടക്കം. സ്പീക്കർ എ എൻ ഷംസീർ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ നടപടികൾ പൊതുജനങ്ങളിലേക്ക്  വിജയകരമായി എത്തിച്ചതോടെ സഭാടിവി ഇന്ന് അവഗണിക്കാൻ കഴിയാത്ത മാധ്യമമായി മാറിയതായി സ്പീക്കർ പറഞ്ഞു. സ്വന്തമായി നിയമസഭക്ക് ചാനലുള്ള ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളടക്കം കേരള നിയമസഭയുടെ ചാനൽ ഉദ്യമത്തെപ്പറ്റി പഠിക്കുന്നു എന്നത് അഭിമാനകരമാണ്. സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട കാര്യങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കേണ്ട മാധ്യമ ധർമം സഭാടിവി പുലർത്തുന്നുണ്ട്. മറിച്ച് അടിയന്തിര പ്രമേയ ചർച്ച ഉൾപ്പെടെ പൂർണമായും പൊതുജനങ്ങളിലേക്കെത്തിക്കാനും സഭാ ടിവിക്ക് സാധിച്ചു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ ചർച്ചകൾക്ക് അനുമതി നൽകിയത് 15-ാം നിയമസഭയാണ്. എട്ട് അടിയന്തിര പ്രമേയ ചർച്ചകൾക്ക് ഇതുവരെ അനുമതി നൽകി. മാധ്യമരംഗത്ത് തിരുത്തലുകൾ അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വാർത്തകൾ വക്രീകരിക്കുക, അസഹിഷ്ണുത പുലർത്തുക എന്നത് ശരിയായ രീതിയല്ല. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിലേക്ക് പോകുമ്പോൾ കേരളം മുന്നിലേക്കെത്തുകയാണെന്നത് നമ്മുടെ  മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുരോഗതിയാണ് രേഖപ്പെടുത്തുന്നതെന്ന് സ്പീക്കർ പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തുന്നതോടൊപ്പം ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാകണം മാധ്യമങ്ങൾ വാർത്തകൾ നൽകേണ്ടത്. അഭിമുഖങ്ങളും ഡോക്യുമെന്ററികളുമുൾപ്പെടുന്ന വിവിധ പരിപാടികൾ എക്‌സ്‌ക്ലൂസീവ് ചാനലിലൂടെ ജനങ്ങളിലേക്കെത്തിക്കും. നിയമസഭയുടെയും സഭാ ടിവിയുടെയും പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ തുടരണമെന്നും സ്പീക്കർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പുതിയതായി ആരംഭിക്കുന്ന അഡ്വാൻസ്ഡ് കോഴ്‌സായ പിജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രഖ്യാപനവും സ്പീക്കർ നടത്തി. എതിർശബ്ദമില്ലാത്ത അവസ്ഥയിൽ ജനാധിപത്യം അപകടകരമാകുമെന്നും സ്വതന്ത്രമാധ്യമങ്ങളുടെ സാന്നിധ്യം കാലത്തിന്റെ ആവശ്യമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്തരത്തിലുള്ള ഉദ്യമമായി വിഭാവനം ചെയ്ത മാധ്യമമാണ് സഭാ ടിവി എക്‌സ്‌ക്ലൂസീവ് ചാനലെന്ന് ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഭാ ടിവി നിർമ്മിച്ച ‘മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്ററി വീഡിയോയുടെ പ്രകാശനം യു പ്രതിഭ എംഎൽഎ നിർവഹിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. Read on deshabhimani.com

Related News