എൻഎഎം സ്ക്കൂളിൻ്റെ ലീഡർ സ്ഥാനത്തെക്ക് ബിഹാർ സ്വദേശി സബീഹ് അഹമ്മദ്



പാനൂർ > പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കഡറി സ്ക്കൂൾ 29 വർഷം പിന്നിടുകയാണ്. 2005 ൽ നിലവിൽ വന്ന സ്ക്കൂളിൻ്റെ ചരിത്രത്തിലാദ്യമായി ബിഹാർ സ്വദേശിയായ സബീഹ് അഹമ്മദ് എന്ന പത്താം ക്ലാസുക്കാരൻ സ്ക്കൂൾ ലീഡറായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.നിലവിൽ 54 ഡിവിഷനുകളിലായി 2800 ഓളം വിദ്യാർത്ഥികളും, അധ്യാപകരും അനധ്യാപകരുമായി 98 പേരുമാണ് സ്ക്കുളിലുള്ളത്. കുറഞ്ഞ കാലയളവിനുള്ളിൽ കലാകായിക - അക്കാദമിക്ക് വിഷയങ്ങളിൽ ഒട്ടനവധി നേട്ടങ്ങളാണ് സ്ക്കൂളിന് ലഭിച്ചത്.ഇവിടെയാണ് ഐക്യകണ്ഡേനയുള്ള തീരുമാനത്തിൽ സ്ക്കൂൾ ലീഡറായി ബിഹാർ സ്വദേശിയെ തിരഞ്ഞെടുത്തിരിക്കുന്നത്. എട്ടാം ക്ലാസ് മുതൽ സ്ക്കൂളിലെത്തിയ സബീഹ് അഹമ്മദ് സ്ക്കൂളിലെ ദൈനംദിന കാര്യങ്ങളിൽ കാണിക്കുന്ന പക്വതയാർന്ന നേതൃപാടവവും, മികവുറ്റ പoന രീതികളും ഇതിനോടകം സഹപാഠികളുടെ സ്നേഹവും, അധ്യാപകരുടെ വാൽസല്യവും പിടിച്ചുപറ്റാൻ സാധിച്ചു. ബിഹാറുക്കാരനെന്ന ഒരു തോന്നലുമുളവാക്കാതെ സ്ഫുടമായ തലശ്ശേരി മലയാളത്തിൽ തന്നെയാണ് സബീഹ് സഹപാഠികളുമായി സംസാരിക്കുന്നത്. മുക്കം യതീംഖാനയിലായിരുന്നു ആദ്യ കാല പഠനം. പിന്നീട് പെരിങ്ങത്തൂർ ദർസ് യതീംഘാനയിലെക്ക് മാറി. മേക്കുന്ന് മതിയമ്പത്ത് എൽപി സ്ക്കൂളിലും, പുളിയനമ്പ്രം മുസ്ലിംയുപി സ്ക്കൂളിലും പഠിച്ചു.സബീഹിന് ഉമ്മയും അഞ്ച് സഹോദരങ്ങളുമാണുള്ളത്. ഉമ്മ സഹിലാജും രണ്ടു സഹോദരങ്ങളും പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയായ സുൽഫാ മൈമൂനത്തിൻ്റെ വീട്ടിൽ അതിഥിയായി താമസിക്കുകയാണ്. മുത്തയാൾ അഫാത്ത് മാഹി പോളി ടെക്നിക്കിൽ നിന്നും ഡിപ്ലോമയെടുത്ത് ആലുവയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. ആതിഫ് മണാശ്ശേരിയിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തു.മറ്റു സഹോദരങ്ങളായ സനൂൻഫാരിയ ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ: കോളേജിൽ ബിസിഎ വിദ്യാർത്ഥിയും, നിദ ഫായിസ ഫാഷൻ ഡിസൈനിംഗും, അയാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. പുളിയനമ്പ്രം പ്രദേശത്ത് സ്വന്തമായി ഭൂമി വാങ്ങി വീടിൻ്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ബീഹാറിലെ പൂർണിയ ജില്ലയിൽ മുസഫർ അഹമ്മദ് നഗറാണ് സബീഹ് അഹമ്മദിൻ്റെ സ്വദേശം. Read on deshabhimani.com

Related News