ബലിതർപ്പണത്തിന്‌ ആയിരങ്ങൾ



കൊച്ചി വിവിധ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിനുപേർ പിതൃക്കൾക്ക്‌ കർക്കടക വാവുബലി അർപ്പിച്ചു. ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം, കാലടി പെരിയാറിന്റെ തീരം എന്നിവിടങ്ങളിൽ ഒരുക്കിയിരുന്ന ബലിത്തറകളിൽ ഞായർ ഉച്ചവരെ തർപ്പണം നടക്കും. ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ബലിതർപ്പണത്തിന്‌ സൗകര്യം ഒരുക്കിയത്‌. 45 ബലിത്തറകളാണ് സജ്ജമാക്കിയത്‌. ഭജനമഠത്തിനുസമീപത്തെ ക്ഷേത്രത്തിൽ ഒരേസമയം 250 പേർക്ക് ദർശനത്തിന്‌ സൗകര്യവും ഒരുക്കി. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, അഗ്നി രക്ഷാസേനാ ബോട്ടുകൾ പട്രോളിങ് നടത്തി.പെരിയാറിൽ ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്നതിനാൽ മുങ്ങിക്കുളിച്ച് ബലിതർപ്പണം നടത്തുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. മണപ്പുറത്തെ മഹാദേവക്ഷേത്രത്തിലും പ്രവേശനം ഉണ്ടായിരുന്നില്ല. മുകളിലെ ക്ഷേത്രത്തിലായിരുന്നു ദർശനത്തിന് സൗകര്യം ഒരുക്കിയത്. ആലുവ കൊട്ടാരക്കടവിൽനിന്ന്‌ നടപ്പാലംവഴി മണപ്പുറത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. തോട്ടക്കാട്ടുകരയിൽനിന്നായിരുന്നു മണപ്പുറത്തേക്ക് പ്രവേശനം. ആലുവ അദ്വൈതാശ്രമത്തിലും ശനി പുലർച്ചെ മൂന്നുമുതൽ ബലിതർപ്പണം നടത്താൻ ആളുകളെത്തി. ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സജ്ജീകരണമൊരുക്കി. പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രത്തിൽ പുലർച്ചെ ഒന്നിന്‌ തുടങ്ങിയ ബലിതർപ്പണം ഞായർ ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളംപേർക്ക് ഒരേസമയം തർപ്പണം നടത്താം. ക്ഷേത്രത്തിലേക്ക്‌ അങ്കമാലി, പെരുമ്പാവൂർ ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി സ്പെഷ്യൽ സർവീസും ഏർപ്പാടാക്കിയിട്ടുണ്ട്. സൗജന്യ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരക്ക്‌ പരിഗണിച്ച്‌ കൊച്ചി മെട്രോയുടെ സമയവും ദീർഘിപ്പിച്ചിരുന്നു. പിറവം പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രത്തിലും തർപ്പണത്തിന്‌ ആയിരങ്ങളെത്തി. ശനി പുലർച്ചെമുതൽ ഭക്തരുടെ തിരക്ക്‌ അനുഭവപ്പെട്ടിരുന്നു. ക്ഷേത്രം കൊട്ടാരമുറ്റത്ത് ബലിയിടാൻ പ്രത്യേകം സൗകര്യമൊരുക്കി. കലൂർ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലും ബലിതർപ്പണച്ചടങ്ങ്‌ നടന്നു. Read on deshabhimani.com

Related News