ഗുരു ദർശനം വഴികാട്ടി: തെലങ്കാന ഉപമുഖ്യമന്ത്രി
കൊല്ലം > വിദ്യാഭ്യാസ മേഖലയിൽ തെലങ്കാന സർക്കാരിനു ശ്രീനാരായണ ഗുരുദേവ ദർശനമാണ് വഴികാട്ടുന്നതെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിൽ "ശ്രീനാരായണഗുരു; ദർശനം, സാഹിത്യം’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തെലങ്കാനയിൽ യങ് ഇന്ത്യ ഇന്റഗ്രേറ്റഡ് സ്കൂൾ എന്ന ബൃഹത് പദ്ധതി നടപ്പാക്കുന്നതുതന്നെ ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന ഗുരുദർശനം ഉൾക്കൊണ്ടാണ്. ജാതിമത ഭേദമെന്യേ സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് 5000കോടി രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസമെന്നത് പുരോഗതിയിലേക്കുള്ള ആദ്യ ചുവടുവയ്പാണെന്ന ഗുരുചിന്ത ഞങ്ങൾ ഏറ്റെടുക്കുകയാണ്. സാമൂഹികമായ അസമത്വങ്ങൾ ഇല്ലാതാക്കാൻ മഹത്തായ ഗുരുബോധനങ്ങൾക്ക് കഴിയും. ലോകമാനവികതയ്ക്ക് കേരളം സംഭാവന നൽകിയ പ്രകാശഗോപുരമാണ് ശ്രീനാരായണഗുരു. ഹൈദരാബാദ് ജയ് ഭാരത് മൂവ്‌മെന്റ് ഈ വിശ്വഗുരുവിന്റെ തത്വചിന്തകൾ കേരളം മുതൽ കശ്മീർ വരെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷനായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ചെയർമാൻ കെ എസ് ഛലം, രമണമൂർത്തി, എഴുത്തുകാരൻ എം കെ ഹരികുമാർ എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരു അന്തർദേശീയ പഠന തീർഥാടന കേന്ദ്രം ഡയറക്ടർ ശിശുപാലൻ സ്വാഗതവും ഫിനാൻസ് ഓഫീസർ എം എസ് ശരണ്യ നന്ദിയും പറഞ്ഞു. പ്ലാറ്റിനം തിളക്കത്തിൽ കർമസാരഥികളുടെ ഒത്തുചേരൽ കൊല്ലം > കൊല്ലം ജില്ലയുടെ വികസനത്തിലും സമരപോരാട്ടങ്ങളിലും കർമസാരഥ്യംകൊണ്ടു മായാത്ത മുദ്രചാർത്തിയ നേതാക്കളുടെ സംഗമത്തിനു വേദിയായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം. കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75–- -ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ചരിത്രനായകർക്ക് ആദരം’ പരിപാടിയിലാണ് വിവിധ കാലഘട്ടങ്ങളിൽ ജില്ലയുടെ വികസനത്തിന്റെ തേരാളികളായവർ ഒത്തുചേർന്നത്.സംഗമം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, എം എ ബേബി, സി ദിവാകരൻ, കെ രാജു, ജെ മേഴ്സിക്കുട്ടിഅമ്മ, മുൻ മന്ത്രി കൂടിയായ എൻ കെ പ്രേമചന്ദ്രൻ എംപി, മുൻ എംപിമാരായ എൻ പീതാംബരക്കുറുപ്പ്, കെ സോമപ്രസാദ്, മുൻ എംഎൽഎമാരായ കെ ആർ ചന്ദ്രമോഹൻ, കെ പ്രകാശ്ബാബു, എൻ അനിരുദ്ധൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. കെ സോമപ്രസാദ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പൊതുപ്രവർത്തന രംഗത്തെ മറക്കാനാകാത്ത മുഹൂർത്തങ്ങൾ നേതാക്കൾ പങ്കുവച്ചു. സിൻഡിക്കറ്റ് അംഗം ബിജു കെ മാത്യൂ സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ വി പി ജഗതിരാജ്, ഹെഡ് ഓഫ് സ്കൂൾ സി ഗോപകുമാർ എന്നിവർ സംസാരിച്ചു. കാലത്തിന്റെ കണ്ണാടിയായി സാഹിത്യ ചലച്ചിത്രോത്സവം കൊല്ലം > ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിൽ ശ്രദ്ധേയമായി സാഹിത്യ ചലച്ചിത്രോത്സവം. സംവിധായകനും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍ഡ് ആർട്സ് ചെയർമാനുമായ സയ്യിദ് അക്തർ മിർസ പരിപാടി ഉദ്ഘാടനംചെയ്തു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. അജോയ് ചന്ദ്രൻ സ്വാഗതംപറഞ്ഞു. ചെയർമാൻ പ്രേംകുമാർ ആമുഖപ്രഭാഷണം നടത്തി. പി ആർ ജിജോയ്, നടൻ സിദ്ധാർഥ് ശിവ, സംവിധായകൻ സഞ്ജു സുരേന്ദ്രൻ, ചലച്ചിത്ര നിരൂപകൻ കെ ബി വേണു, നടി ജോളി ചിറയത്ത് എന്നിവർ സംസാരിച്ചു. ബിനോ ജോയ് നന്ദി പറഞ്ഞു. Read on deshabhimani.com