വീഴ്ച പൊലീസ് പരിശോധിക്കട്ടെ; നിയമപരമായി മുന്നോട്ട് പോകും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം> മല്ലപ്പള്ളി പ്രസംഗത്തിനെതിരായ കേസിലെ പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി ഉത്തരവ് ലഭിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി സജി ചെറിയാൻ. തന്റെ ഭാഗം കേൾക്കാതെയാണ് നിലവിലെ കോടതി ഉത്തരവ്. ഏത് ഭാഗത്താണ് വീഴ്ചയെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിചേർത്തു. മല്ലപ്പള്ളിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി സജിചെറിയൻ നടത്തിയ പ്രസംഗത്തിനെതിരായ കേസിൽ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളിയിൽ 2022 ജൂലൈ നാലിന് ഒരു പൊതുചടങ്ങിൽ ഭരണഘടനയെ സംബന്ധിച്ച സജിചെറിയാന്റെ ചില പരാമർശങ്ങളാണ് വിവാദമായത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. വിമർശനാത്മക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഇതുസംബന്ധിച്ച പരാതിയിൽ തുടർനടപടികൾ അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും ചെയ്തു. Read on deshabhimani.com