സമൃദ്ധി @ കൊച്ചി ; ‘ഊട്ടി’യുറപ്പിച്ച വിജയത്തിന്‌ മൂന്നുവയസ്സ്‌

എറണാകുളം നോർത്തിലെ സമൃദ്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ തിരക്ക്


കൊച്ചി മനുഷ്യൻ വിശപ്പിനോടും പൊരുതിയ കോവിഡ്‌ മഹാമാരിക്കാലത്താണ്‌ ‘സമൃദ്ധി @ കൊച്ചി’ എന്ന  ആശയത്തിന്റെ പിറവി. സംസ്ഥാന സർക്കാരിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ചുവടുപിടിച്ച്‌ ആവിഷ്‌കരിച്ച പദ്ധതിക്ക്‌  സംഭാവനയും സഹായവും പലഭാഗത്തുനിന്നുമെത്തി. എറണാകുളം നഗരമധ്യത്തിലെ 8000 ചതുരശ്രയടി കെട്ടിടത്തിൽ അടുക്കളയും ഊട്ടുപുരയും സജ്ജമായി.  കേവലം 20 രൂപയ്‌ക്ക്‌ ഭക്ഷണം വിളമ്പിയ സമൃദ്ധി, മൂന്നുവർഷത്തിനിടെ വിറ്റത്‌ 23. 85 ലക്ഷം ഊണ്‌.  ജനകീയ ഹോട്ടലുകളുടെ വിജയകരമായ നടത്തിപ്പിന് പകർത്താവുന്ന മാതൃകയുമായി കൊച്ചി കോർപറേഷനിലെ കുടുംബശ്രീ സംരംഭം. 2021 ഒക്‌ടോബർ ഏഴിന്‌ സമൃദ്ധി പ്രവർത്തനമാരംഭിക്കുമ്പോൾ 10 രൂപയായിരുന്നു ഊണിന്‌. സർക്കാർ സബ്‌സിഡിയായിരുന്നു കൈത്താങ്ങ്‌.  ധനപ്രതിസന്ധിമൂലം ജനകീയ ഹോട്ടലുകളുടെ സബ്സിഡി പിൻവലിച്ചപ്പോഴാണ്‌ 20 രൂപയാക്കിയത്‌. മറ്റു നേരങ്ങളിലെ ഭക്ഷണത്തിനും സ്പെഷ്യൽ വിഭവങ്ങൾക്കും അൽപ്പം ഉയർന്ന നിരക്ക്‌ ഏർപ്പെടുത്തിയതോടെ  നേരിയ പരിഹാരമായി.  വിവിധ സ്ഥാപനങ്ങളുടെ സിഎസ്‌ആർ ഫണ്ടും വ്യക്തികളുടെ സംഭാവനയും മേയർ എം അനിൽകുമാറിന്റെ ഇടപെടലിലൂടെ എത്താൻ തുടങ്ങി. മറ്റു ഹോട്ടലുകളെ അപേക്ഷിച്ചുള്ള ഭക്ഷണവൈവിധ്യവും വിലക്കുറവും ആളുകളെ ആകർഷിക്കുന്നു. ചെറുതും വലുതുമായ  കാറ്ററിങ് ഓർഡറുകളും സ്വീകരിക്കുന്നുണ്ട്‌.  തുടക്കത്തിൽ 14 കുടുംബശ്രീ പ്രവർത്തകരാണുണ്ടായിരുന്നത്‌. നിലവിൽ  സാധനങ്ങൾ വാങ്ങുന്നതുമുതൽ വച്ചുവിളമ്പലിനുവരെ നാല്‌ ഷിഫ്‌റ്റിലായി  98 പേരുണ്ട്‌. 30,000 രൂപ വരെയാണ്‌ അവരുടെ മാസവരുമാനം. നാലാംവർഷം ഫോർട്ട്‌കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലേക്കും സമൃദ്ധി വ്യാപിപ്പിക്കാനാണ്‌ പദ്ധതിയെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. അതോടെ മുന്നൂറോളം വനിതകൾക്ക്‌ ജോലി നൽകാനാകും. നഗരസഭയുടെ സഹായമില്ലാതെ ലാഭകരമായി പ്രവർത്തിക്കുന്ന നിലയിലേക്ക്‌ മാറ്റുകയാണ്‌ ലക്ഷ്യം. പണം ഈടാക്കാതെയും സമൃദ്ധിയിൽനിന്ന്‌ ഒട്ടേറെപ്പേർക്ക്‌ ഭക്ഷണം നൽകുന്നുണ്ട്‌.  അത്‌ തുടരും. ഇത്തരം സംരംഭങ്ങൾക്ക്‌ തദ്ദേശസ്ഥാപനങ്ങളുടെ പണംകൂടി ചെലവാക്കാനായാൽ കേരളമാകെ വലിയമാറ്റം ദൃശ്യമാകുമെന്നും മേയർ പറഞ്ഞു. കീശ ചോരില്ല,
ഭക്ഷണം സൂപ്പർ സമൃദ്ധി ഹോട്ടൽ തുടങ്ങിയ ദിനംതന്നെ അവിടത്തെ രുചിയറിഞ്ഞതാണ്‌ കോട്ടയം വെള്ളൂർ സ്വദേശി പി എൻ പ്രദീപ്‌കുമാർ. മൂന്നാം വാർഷികം ആഘോഷിക്കുമ്പോഴും പ്രദീപ്‌ സമൃദ്ധിയിലുണ്ട്‌. ‘‘കൊച്ചിയിലുള്ള ദിവസമെല്ലാം മുടങ്ങാതെ ഇവിടെ വരാറുണ്ട്‌. വൃത്തിയുള്ള അന്തരീക്ഷത്തിൽ മായം ചേർക്കാത്ത മികച്ച ഭക്ഷണം കിട്ടും. അതും  കുറഞ്ഞനിരക്കിൽ. സാധാരണഗതിയിൽ മുന്നോട്ട്‌ പോകുന്തോറും ഭക്ഷണത്തിന്റെ നിലവാരം ഇടിയുന്നതാണ്‌ കാണുക. എന്നാൽ, സമൃദ്ധിയിൽ  ഭക്ഷണനിലവാരം ഉയരുകയാണ്‌’’-–-പ്രദീപ്‌ പറഞ്ഞു. Read on deshabhimani.com

Related News