ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു: ശശികുമാർ
തിരുവനന്തപുരം> ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ. കൈരളി ടിവി രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ ‘കേരളത്തിലെ മാധ്യമങ്ങൾ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുതരം വെല്ലുവിളികളാണ് മാധ്യമങ്ങൾ നേരിടുന്നത്. ഭരണസംവിധാനം നടത്തുന്ന നീക്കമാണ് ഒന്ന്. മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നതാണ് മറ്റൊന്ന്. മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കാൻ ആളുകൾ സംശയിക്കുന്നു. യാഥാർഥ്യം പരിശോധിക്കുന്നില്ല. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിനെതിരെ പറഞ്ഞു. മുഖ്യമന്ത്രി അത് തിരുത്തി. ഇതിലെ വസ്തുത പരിശോധിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായില്ല. ഹിന്ദു ദിനപ്പത്രമാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇത് കേരളത്തിലെ മാധ്യമങ്ങളുടെ പരാജയമാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് പലരുടെയും ശ്രമം. മാധ്യമപ്രവർത്തനത്തിൽ നല്ല മാതൃക സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമാണിത്. അല്ലെങ്കിൽ പുതിയ തലമുറ മാധ്യമങ്ങളെ തിരസ്കരിക്കും. കാൾ മാർക്‌സും ഗാന്ധിയും നൂറ്റാണ്ടിന്റെ മികച്ച മാധ്യമപ്രവർത്തകരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com