എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം ; പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്‌ വീഴ്‌ചയെന്ന്‌ റിപ്പോർട്ട്‌



തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്‌ കൈമാറി. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക്‌ കാരണമായതെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. രോഗികളുടെ പരിപാലന ചുമതല ഡോക്ടർമാരിൽ നിക്ഷിപ്തമാണെങ്കിലും ആശുപത്രിയുടെ പരിപാലന ചുമതല വിവിധ വകുപ്പുകൾക്കാണ്. എസ്എടിക്ക്‌ മാത്രമായി ഇൻഹൗസ്‌ സബ്‌സ്റ്റേഷനുണ്ട്. അതിന്റെ നിയന്ത്രണം പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിനാണ്.  ആശുപത്രിയിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ ആവശ്യമായ മുൻകരുതലെടുക്കേണ്ടത് ഇവരാണ്. അതിനാൽ സംഭവത്തിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ പരാമർശിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ പിഡബ്ല്യുഡി ഇതിനകം നടപടിയെടുത്തിട്ടുണ്ട്‌. റിപ്പോർട്ട്‌ ആരോഗ്യമന്ത്രി വീണാ ജോർജിനും സമർപ്പിക്കും. Read on deshabhimani.com

Related News