വയനാട്‌ ഉപതെരഞ്ഞെടുപ്പ് ; സത്യൻ മൊകേരി എൽഡിഎഫ്‌ സ്ഥാനാർഥി



തിരുവനന്തപുരം നവംബർ 13ന്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ സത്യൻ മൊകേരി എൽഡിഎഫ്‌ സ്ഥാനാർഥി. സിപിഐ കൺട്രോൾ കമീഷൻ സെക്രട്ടറിയും അഖിലേന്ത്യ കിസാൻസഭ സെക്രട്ടറിയുമാണ്‌. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം സെക്രട്ടറി ബിനോയ്‌ വിശ്വമാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. 2014ൽ വയനാട്‌ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റായിരുന്നു. എഐവൈഎഫ്  സംസ്ഥാന സെക്രട്ടറി, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി  എന്നീ ചുമതലകളും വഹിച്ചു. 1987 മുതൽ 2001 വരെ നാദാപുരം എംഎൽഎയായിരുന്നു. കാർഷിക കടാശ്വാസ കമീഷൻ അംഗമായും കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽഗാന്ധി ഇരുമണ്ഡലങ്ങളിലും വിജയിച്ചതോടെ വയനാട്‌  ഒഴിവാക്കിയതിനെ തുടർന്നാണ്‌  ഉപതെരഞ്ഞെടുപ്പ്‌. കർഷക സമരങ്ങളുടെ 
മുൻനിരപ്പോരാളി വയനാട് ലോകസഭ മണ്ഡലം  എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻമൊകേരി  തൊഴിലാളി യൂണിയൻ നേതാവും രാജ്യത്തെ കർഷക സമരങ്ങളുടെ മുൻനിരപ്പോരാളിയുമാണ്‌. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെയും കല്ല്യാണിയുടെയും മകനായി 1953 ഒക്ടോബർ രണ്ടിനാണ്‌ ജനനം. എഐവൈഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, 20 വർഷം അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1987, 91, 96 വർഷങ്ങളിൽ നാദാപുരത്തുനിന്ന്‌ നിയമസഭയിലെത്തി. കെ ശങ്കരനാരായണൻ തമ്പി സ്മാരക യുവ പാർലമെന്റേറിയൻ അവാർഡ് നേടി. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയും കടാശ്വാസ കമീഷൻ ചെയർമാനുമായിരുന്നു.  വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചശേഷംനടന്ന രണ്ടാമത്തെ തെരത്തെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഭക്ഷ്യ ഭദ്രതാ കമീഷൻ മുൻ ചെയർമാനും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി വസന്തമാണ് ഭാര്യ. മക്കൾ:  അച്യുത് (മെക്കാനിക്കൽ എൻജിനിയർ), ആർഷ (ഗവേഷക വിദ്യാർഥി). ജനങ്ങൾ പിന്തുണയ്‌ക്കും: സത്യൻ മൊകേരി രാഷ്‌ട്രീയ പോരാട്ടമായാണ്‌ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന്‌ വയനാട്‌ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നവരാണ്. അവർ ഇടതുപക്ഷ പ്രസ്ഥാനത്തോട് യോജിച്ചുനിൽക്കുന്നവരുമാണ്‌.  വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നേരത്തെ സ്ഥാനാർഥിയായപ്പോൾ 20,870 വോട്ടിനാണ് പരാജയപ്പെട്ടത്‌. ആ അന്തരീക്ഷത്തിലുള്ള തെരഞ്ഞെടുപ്പായാണ് ഇതിനേയും കാണുന്നത്.  എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയവുമായാണ് ജനങ്ങളെ സമീപിക്കുന്നത്. ജനങ്ങൾ ആ രാഷ്ട്രീയത്തെ സ്വീകരിക്കും എന്നു ഉറച്ചുവിശ്വസിക്കുന്നു. ശനിയാഴ്‌ച വയനാട്ടിൽ എത്തി പ്രചാരണം തുടങ്ങുമെന്നും സത്യൻ മൊകേരി പറഞ്ഞു. Read on deshabhimani.com

Related News