‘ഈ ഐഡിയ ഗംഭീരം’ ; ആംഗ്യം വാക്കുകളായി 
പെർഫെക്ട് ഓക്കെ

ജോഹാനോടും ഋഗ്വേദിനോടും എസ് ജോൺ ബോസ്കോ ആംഗ്യഭാഷയിൽ സംസാരിക്കുന്നു


ആലപ്പുഴ ‘ഈ ഐഡിയ ഗംഭീരം’ നെറ്റിയിൽ വലതുചൂണ്ടുവിരൽവച്ച്‌ താടിയിൽ വലംകൈ പതിപ്പിച്ച്‌ താഴേക്ക്‌ അനക്കി ആംഗ്യഭാഷയിൽ എസ്‌ ജോൺ ബോസ്‌കോ സാക്ഷ്യപ്പെടുത്തി. ‘തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ... ഇന്നു ഭാഷയിതപൂർണമിങ്ങഹോ...’ എന്ന കുമാരനാശാന്റെ വരികൾ കുട്ടിശാസ്‌ത്രജ്ഞരുടെ തലച്ചോറിൽ അത്ഭുതയന്ത്രമായി അവതരിച്ചിറങ്ങിയതുകണ്ട്‌ അദ്ദേഹത്തിന്‌ ആഹ്ലാദം അലതല്ലി. കൈയിൽ ധരിക്കുന്ന ഗ്ലൗസിലൂടെ ആംഗ്യഭാഷയിലെ അഞ്ചുചേഷ്‌ടകൾ അറുപതിലധികം ഭാഷകളിലേക്ക്‌ മാറ്റി നിർമിതബുദ്ധിയുടെ സഹായത്തോടെ ശബ്‌ദമായി പുറത്തുവരുന്ന മോഡലിനായിരുന്നു  അഭിനന്ദനം.  ആംഗ്യഭാഷ വാചാലമാകുന്ന സാങ്കേതികവിദ്യ ഒരുക്കിയത്‌ എറണാകുളം രാജഗിരി എച്ച്‌എസ്‌എസിലെ വിദ്യാർഥികളായ ഋഗ്വേദ്‌ മാനസും ജോഹാൻ ബൈജുവുമാണ്‌. ഇതിനാണ്‌ തിരുവല്ല ഗവ. വിഎച്ച്‌എസ്‌എസിലെ സംസാരപരിമിതിയുള്ള ലാബ്‌ അസിസ്റ്റന്റ്‌ ജോണിന്റെ മനസുനിറഞ്ഞ പ്രതികരണം. പ്രത്യേക പരിഗണന അർഹിക്കുന്ന ഒരാൾ തങ്ങളെ അഭിനന്ദിച്ചതിന്റെ ആവേശത്തിലായിരുന്നു ഋഗ്വേദും ജോഹാനും. സ്വന്തമായി വികസിപ്പിച്ചെടുത്ത കമാൻഡാണ്‌ ഇവരുടെ വർക്കിങ്‌ മോഡലിന്‌ ഉപയോഗിച്ചതും. അഞ്ച്‌ കമാൻഡ്‌ എന്നുള്ളത്‌ മുഴുവൻ ആംഗ്യഭാഷയും ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം. ജോണിന്റെ അഭിനന്ദനത്തിന്‌ ആംഗ്യഭാഷയിൽ നന്ദി പറഞ്ഞപ്പോൾ മറുപടിയായി നിറഞ്ഞചിരി. ഒപ്പം സെൽഫിയുമെടുത്ത്‌ നമ്പറും വാങ്ങിയാണ്‌ ജോൺ മടങ്ങിയത്‌.  ‘ശാസ്‌ത്രമേളകളിൽ എന്നെപ്പോലെയുള്ളവർക്ക്‌ ഉപയോഗിക്കാനും ഉപകരണങ്ങൾ ഉണ്ടെന്ന്‌ കാണുന്നത്‌ തന്നെ സന്തോഷമാണ്‌. ഇത്‌ തന്നെയല്ലേ ശാസ്‌ത്രത്തിന്റെ വിജയവും’–- ജോൺ വാട്‌സാപ്‌ സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു. Read on deshabhimani.com

Related News